Skip to content

ഗാബ ടെസ്റ്റിൽ ഒരുവേള ഇന്ത്യൻ ടീം ഡിക്ലെയർ ചെയ്യുന്നതിനെ കുറിച്ച് രഹാനെ ആലോചിച്ചിരുന്നു : പിന്നിലെ കാരണം വെളിപ്പെടുത്തി ആർ. ശ്രീധർ

സമീപകാലത്തൊന്നും ഇന്ത്യൻ ടീം നേരിട്ടിട്ടില്ലാത്ത പരിക്ക് ഭീഷണിയാണ് ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ ക്രിക്കറ്റ് ലോകം കണ്ടത്. സീരീസ് തുടങ്ങും മുമ്പേ ഇഷാന്ത് ശർമ്മയും പിന്നാലെ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, അശ്വിൻ, വിഹാരി, ജഡേജ, ബുംറ തുടങ്ങിയവർക്കാണ് ഒരൊറ്റ സീരീസിൽ പരിക്കേറ്റത്. സീരീസിന്റെ അവസാന മത്സരം എത്തിയപ്പോൾ നെറ്റ്സിൽ ബോൾ ചെയ്യാനായി ടീമിനൊപ്പം ചേർന്ന നടരാജനെയും വാഷിങ്ടൺ സുന്ദറെയും അന്തിമ ഇലവനിൽ ഇറക്കേണ്ടി വന്നു.

ബാറ്റിങ്ങിനിടെയാണ് കൂടുതലും പരിക്കേറ്റത്. കമ്മിൻസിന്റെ ഷോർട്ട് ബോൾ കൈത്തണ്ടയിൽ കൊണ്ടാണ് ഷമി ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായത്. ഗാബയിൽ നടന്ന അവസാന മത്സരത്തിൽ അരങ്ങേറ്റം കുറിച്ച നടരാജൻ ബാറ്റിങ്ങിനിടെ സ്റ്റാർക്കിനെ നേരിടുമ്പോൾ പരിക്കേൽക്കുമോയെന്ന് ക്യാപ്റ്റൻ രഹാനെ ഭയപ്പെട്ടിരുന്നതായി ഫീൽഡിങ് കോച്ച് ആർ ശ്രീധറിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ക്യാപ്റ്റൻ വളരെയധികം ആശങ്കാകുലനായിരുന്നു, ഇന്ത്യ ഡിക്ലെയർ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലെ അവസാനക്കാരനായാണ് നടരാജൻ ബാറ്റിങ്ങിന് ഇറങ്ങിയത്.

അതേസമയം കാലിൽ പരിക്കേറ്റ നവദീപ് സെയ്നി ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ബോളിങ് ചെയ്യുന്നതിനിടെ ഗ്രൗണ്ട് വിട്ടിരുന്നു. അക്കാരണത്താൽ ഒരു ബോളറെ കൂടി നഷ്ട്ടപ്പെടുന്നത് താങ്ങാനാവില്ലെന്ന് കണ്ട രഹാനെ ഡിക്ലെയറിനെ കുറിച്ച് ആലോചിച്ചത്.

” നടരാജൻ മിച്ചൽ സ്റ്റാർക്കിനെ നേരിടുന്ന സമയത്ത് ടീം മാനേജുമെന്റ് അശ്വസ്തരായിരുന്നു. ആ സമയത്ത് ഡിക്ലെയർ ചെയ്യുന്നതിനെ കുറിച്ചാണ് രഹാനെ ആലോചിച്ചത്. കോച്ച് റൂമിലേക്ക് ഓടിയെത്തിയ രഹാനെ ഡിക്ലെയർ പ്രഖ്യാപിക്കുന്നോയെന്ന് ചോദിച്ചു, നടരാജൻ പരിക്കേറ്റാൽ രണ്ടാം ഇന്നിംഗ്‌സിൽ ഞങ്ങൾക്ക് മൂന്ന് ബോളർമാർ മാത്രമേ ശേഷിക്കൂവെന്നും രഹാനെ പറഞ്ഞു ” ശ്രീധർ വെളിപ്പെടുത്തി.

ഗാബ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിന് ശേഷം നടരാജനുമായി നടത്തിയ അശ്വിന്റെ അഭിമുഖത്തിൽ സ്റ്റാർക്കിനെ നേരിട്ട അനുഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. നേരിട്ട ആദ്യ ഡെലിവറി കണ്ടിട്ട് പോലുമില്ലെന്നായിരുന്നു ചിരിയോടെ നടരാജൻ മറുപടി നൽകിയത്.