Skip to content

ഓസ്‌ട്രേലിയൻ മണ്ണിലെ വിജയത്തിൽ തനിക്ക് ലഭിച്ച പ്രശംസയിൽ ആദ്യമായി പ്രതികരണവുമായി ദ്രാവിഡ് രംഗത്ത്

ഗാബയിലെ ചരിത്ര വിജയത്തോടെ തുടർച്ചയായ രണ്ടാം തവണയും ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര നേടിയപ്പോൾ ഏറ്റവും പ്രശംസ ലഭിച്ച താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂ‍ർ എന്നീ യുവ താരങ്ങളുടെ കളി മികവിലാണ് 32 വർഷം ഓസ്‌ട്രേലിയ പരാജയമറിയാത്ത ഗാബയിൽ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചത്.

ഈ യുവതാരങ്ങളെല്ലാം ദ്രാവിഡിന്റെ ശിക്ഷണത്തിൽ വളർന്ന് വന്നവരാണ്. നിലവിൽ ഇന്ത്യൻ എ ടീമിന്റെയും അണ്ടർ 19 ടീമിന്റെയും കോച്ചാണ് ദ്രാവിഡ്.
2015 മുതൽ 2019 വരെ അണ്ടർ 19 ടീമിന്റെ ചുമതല മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനായിരുന്നു. പന്തും ഗില്ലും വാഷിങ്ടൻ സുന്ദറുമെല്ലാം ഇന്ത്യൻ അണ്ടർ 19 ടീമിൽ ദ്രാവിഡിന്റെ കയ്യിലൂടെ കടന്നുവന്നവരാണ്.

2018ൽ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനെ ഒരുക്കിയതും ദ്രാവിഡായിരുന്നു. പൃഥ്വി ഷായും ഗില്ലുമെല്ലാം ആ ടീമിലുണ്ടായിരുന്നു. 2016 മുതൽ 19 വരെ ഇന്ത്യൻ എ ടീമിന്റെ മുഖ്യ പരിശീലകനും ദ്രാവിഡായിരുന്നു. ന്യൂസീലൻഡ് പര്യടനത്തിൽ സിറാജും സെയ്നിയും വിക്കറ്റുകൾ വാരിക്കൂട്ടുമ്പോഴും ഗിൽ റൺസടിച്ചു തകർത്തപ്പോഴും ഉപദേശങ്ങളുമായി ദ്രാവിഡ് ഡ്രസിങ് റൂമിലുണ്ടായിരുന്നു.

ഇപ്പോഴിതാ തനിക്ക് ലഭിച്ച പ്രശംസയിൽ പ്രതികരിച്ച് ദ്രാവിഡ് രംഗത്ത്.
” ഹാ.. ഹാ, അനാവശ്യമായ ക്രെഡിറ്റ്, യുവതാരങ്ങൾ എല്ലാ പ്രശംസയും അർഹിക്കുന്നു, ”ദ്രാവിഡ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാമുൾ ഹഖും രംഗത്തെത്തിയിരുന്നു.
” ഓസ്‌ട്രേലിയയിൽ ഒരു പരമ്പര നേടുന്നത് എല്ലാത്തിനെക്കാളും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിച്ച ഈ ഇന്ത്യൻ ടീമിനെപ്പോലെ ചെറുപ്പമുള്ള ഒരു ടീമിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

” ഇതിലേക്ക് നയിച്ചത് എന്താണെന്ന് ഞാൻ ആശ്ചര്യപ്പെട്ടു, റിഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും, ഗിലും, അണ്ടർ 19 ലോകകപ്പ് കളിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. മറ്റ് യുവതാരങ്ങൾ ഇന്ത്യ എയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അണ്ടർ 19 ൽ നിന്ന് ഇന്ത്യ എയിലേക്കും ഇന്ത്യ എയിൽ നിന്ന് ദേശീയ ടീമിലേക്കും ഉള്ള ഈ യാത്ര, രാഹുൽ ദ്രാവിഡാണ് ഇതിന്റെ പിന്നിലെന്ന് മനസ്സിലാക്കി. അദ്ദേഹം ഇതിന്റെ ക്രെഡിറ്റ് അർഹിക്കുന്നു. “