Skip to content

സ്മിത്ത് ബാംഗ്ലൂരിലേക്കോ ? ലേലത്തിൽ സ്മിത്തിനെ ലക്ഷ്യം വെയ്ക്കുക ഈ മൂന്ന് ടീമുകൾ

ഈ വരുന്ന ഐ പി എൽ താരലേലത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ കൂടിയായിരുന്ന സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും ഒഴിവാക്കിയത് ഏവരെയും ഞെട്ടിപ്പിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാൾ കൂടിയ സ്മിത്തിനെ സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കുമെന്ന കാര്യമുറപ്പാണ്, ലേലത്തിൽ സ്മിത്തിനെ സ്വാന്തമാക്കാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയെന്ന് നോക്കാം …

1. ചെന്നൈ സൂപ്പർ കിങ്സ്

സ്മിത്തിനെ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപെടുന്നത് മുൻ ചാമ്പ്യന്മാരായ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ്. ലേലത്തിൽ ഒരേയൊരു വിദേശ താരത്തെ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടത്. ഇതിന് മുൻപ് പുനെയ്ക്ക് വേണ്ടി രണ്ട് സീസണിൽ സ്മിത്തും ധോണിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2017 ൽ പുനെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. ധോണിയ്ക്ക് ശേഷം ഭാവി ക്യാപ്റ്റനെന്ന നിലയിലും സ്മിത്തിനെ ചെന്നൈ പരിഗണിച്ചേക്കും.

2. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

വിരാട് കോഹ്ലിയ്ക്കും ഡിവില്ലിയേഴ്സിനുമൊപ്പം സ്റ്റീവ് സ്മിത്തുമെത്തുമോ എന്ന ആകാംഷയിലാണ് ബാംഗ്ലൂർ ആരാധകർ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ചിനെ ഒഴിവാക്കിയതിനാൽ ആ ഒഴിവിലേക്ക് സ്‌മിത്തിനെ ആർ സി ബി പരിഗണിച്ചേക്കും. കൂടാതെ സ്മിത്ത് ടീമിലെത്തിയാൽ വിരാട് കോഹ്ലിക്ക് ഓപ്പണറായി ഇറങ്ങി കൂടുതൽ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യുവാനും സാധിക്കും.

3. കിങ്‌സ് ഇലവൻ പഞ്ചാബ്

സ്മിത്തിനെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ടീം കിങ്‌സ് ഇലവൻ പഞ്ചാബാണ്. കഴിഞ്ഞ സീസണിൽ പഞ്ചാബിന് തിരിച്ചടിയായത് മധ്യനിരയുടെ തകർച്ചയാണ്. അത് പരിഹരിക്കാൻ സ്മിത്തിനെ പഞ്ചാബ് ലക്ഷ്യം വെച്ചേക്കും. കൂടാതെ സ്മിത്ത് ടീമിലെത്തിയാൽ ക്യാപ്റ്റൻസിയിലും കെ എൽ രാഹുലിന് സഹായകരമാകുകയും ചെയ്യും.