Skip to content

ഓസ്‌ട്രേലിയയുടെ ചിൻ മ്യുസിക് ആക്രമണത്തെ നേരിടാൻ സഹായിച്ചത് യുവരാജ് സിങ്ങിന്റെ കോച്ചിങ് ; ശുഭ്മാൻ ഗില്ലിന്റെ വെളിപ്പെടുത്തൽ

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ബാറ്റിങ് പ്രകടനത്തിലൂടെ ഇതിഹാസ താരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഓസ്‌ട്രേലിയയുടെ താടി ലക്ഷ്യമാക്കിയുള്ള ഷോർട്ട് ബോൾ ആക്രമണം മികച്ച രീതിയിലാണ് ഗിൽ കൈകാര്യം ചെയ്തത്. ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് നിരയ്ക്ക് മുമ്പിൽ പതറാതെ ബാറ്റ് ചെയ്ത ഗില്ലിന്റെ ആത്മവിശ്വാസം കയ്യടി നേടിയിരുന്നു. കമ്മിൻസിന്റെ പന്തിൽ പോലും തുടർച്ചയായി ബൗണ്ടറി കണ്ടെത്താൻ ഗില്ലിന് സാധിച്ചിരുന്നു.

ഓസ്‌ട്രേലിയയുടെ ഷോർട്ട് ബോൾ ആക്രമണത്തെ നേരിടാൻ തന്നെ പ്രാപ്തനാക്കിയത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗെന്ന് യുവ താരത്തിന്റെ വെളിപ്പെടുത്തൽ. ഐപിഎലിന് മുമ്പ് യുവരാജുമായി നടത്തിയ ക്യാമ്പിലായിരുന്നു ഈ പരിശീലനം ലഭിച്ചതെന്ന് ഗിൽ പറഞ്ഞു.

” ആ ക്യാമ്പിൽ, ചിൻ മ്യൂസിക് തന്ത്രത്തെ അഭിമുഖീകരിക്കാൻ അദ്ദേഹം എന്നെ തയ്യാറാക്കി. വ്യത്യസ്ത കോണുകളിൽ നിന്ന് നൂറുകണക്കിന് ഷോർട്ട് പിച്ച് പന്തുകൾ അദ്ദേഹം എറിയാറുണ്ടായിരുന്നു, ഇത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ” ഗിൽ പറഞ്ഞു.

” അവസാന ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ഞാൻ മികച്ച രീതിയിലായിരുന്നു പോയികൊണ്ടിരുന്നത്, സെഞ്ച്വറി നേടേണ്ടതായിരുന്നു. എന്നിരുന്നാലും ടീമിന്റെ വിജയത്തിന് ഞാൻ സംഭാവന നൽകിയതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സീരീസ് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പാഠമായിരുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിലവാരത്തില്‍ സ്ഥിരത നിലനിര്‍ത്തുകയാണ് അടുത്ത വലിയ ലക്ഷ്യം. എന്നെ സംബന്ധിച്ച്‌ ഇംഗ്ലണ്ട് പരമ്ബര വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇപ്പോള്‍ ഞാന്‍ അറിയപ്പെടാത്ത വ്യക്തിയല്ല. ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ആര്‍ച്ചര്‍ എന്നിവരെ നേരിടുക വെല്ലുവിളിയാണ്. എന്നാല്‍ ഞാന്‍ അതിന് ഒരുങ്ങി കഴിഞ്ഞുവെന്നും ഗില്‍ പറയുന്നു.