അതിന് സാധിച്ചില്ലെങ്കിൽ വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരും, മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. വരാനിരിക്കുന്ന ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ നേടാൻ സാധിച്ചില്ലെങ്കിൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരുമെന്നും രോഹിത് ശർമ്മയ്ക്കൊപ്പം അജിങ്ക്യ രഹാനെയും ക്യാപ്റ്റൻസി മികവ് തെളിയിച്ചതിനാൽ കോഹ്ലിക്ക് ക്യാപ്റ്റൻസിയിൽ ഇനി വെല്ലുവിളികൾ നേരിടുമെന്നും പനേസർ പറഞ്ഞു.

” ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിൽ വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വരും, കാരണം ഇത് രണ്ടും നടക്കുന്നത് ഇന്ത്യയിലാണ്, ക്യാപ്റ്റൻ സ്ഥാനം നിലനിർത്താൻ കോഹ്ലിയ്ക്ക് ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ നേടേണ്ടത് അനിവാര്യമാണ്. ” പനേസർ പറഞ്ഞു.

” ക്യാപ്റ്റൻ സ്ഥാനം നൽകിയപ്പോഴെല്ലാം രോഹിത് ശർമ്മയുടെയും അജിങ്ക്യ രഹാനെയുടെയും കോമ്പിനേഷൻ ഇന്ത്യയ്ക്ക് ഗുണകരമായിരുന്നു. എന്നാലിനി ഈ ലീഡർമാരെയെല്ലാം നിയന്ത്രിക്കുകയെന്നത് കോഹ്ലിയുടെ കഴിവനുസരിച്ചിരിക്കും. ഇതവന്റെ ക്യാപ്റ്റൻസിയുടെ മറ്റൊരു അധ്യായമാണ് ” പനേസർ കൂട്ടിച്ചേർത്തു.

ഏകാധിപത്യ രീതിയിലുള്ള ക്യാപ്റ്റൻസിയാണ് കോഹ്ലി ഇതുവരെ തുടർന്നുവന്നിരുന്നതെന്നും എന്നാലിനി അതിന് കോഹ്ലിയ്ക്ക് സാധിക്കുകയില്ലെന്നും രോഹിത് ശർമ്മയുടെയും രഹാനെയുടെയും അഭിപ്രായങ്ങൾ കോഹ്ലി കേൾക്കേണ്ടി വരുമെന്നും പനേസർ പറഞ്ഞു.

എന്നാൽ നിലവിൽ ക്യാപ്റ്റൻ സ്ഥാനം കോഹ്ലി കൈമാറേണ്ടതില്ലയെന്നും ക്യാപ്റ്റനെന്ന നിലയിൽ ചില റെക്കോർഡുകൾ കോഹ്ലി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും പനേസർ പറഞ്ഞു.

” കോഹ്ലിയുടെ ക്യാപ്റ്റൻസി റെക്കോഡുകൾ ഇപ്പോഴും മികച്ചതാണ്. ക്യാപ്റ്റൻസി മറ്റൊരാൾക്ക് നൽകാൻ അവൻ തയ്യാറല്ല. ചില റെക്കോർഡുകൾ തകർക്കാൻ സാധിക്കുമെന്ന് അവൻ കരുതുന്നു. അതുകൊണ്ട് ആ റെക്കോർഡുകളെല്ലാം തകർത്ത ശേഷം ഒരുപക്ഷേ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം അവൻ രഹാനെയ്ക്ക് നൽകിയേക്കും. എന്നാൽ ക്യാപ്റ്റനായി അവൻ കൂടുതൽ റൺസ് നേടുന്നു, ഉത്തരവാദിത്വം അവൻ വളരെയേറെ ഇഷ്ട്ടപെടുന്നു. ” പനേസർ പറഞ്ഞു.
