Skip to content

സിഡ്‌നി ടെസ്റ്റ് ഉപേക്ഷിക്കാനുള്ള അവസരം അമ്പയർമാർ നൽകിയിരുന്നു, രഹാനെ അത് നിരാകരിച്ചു, വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

സിഡ്‌നി ടെസ്റ്റിനിടെ തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ പരാതി നൽകിയതിന് പുറകെ മത്സരം ഉപേക്ഷിക്കാൻ ഇന്ത്യയ്ക്ക് അമ്പയർമാർ അവസരം നൽകിയിരുന്നതായി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ മത്സരം വീക്ഷിക്കാനെത്തിയ കാണികളിൽ നിന്നാണ് സിറാജിനെതിരെ വംശീയഅധിക്ഷേപമുണ്ടായത്.

” ഓസ്‌ട്രേലിയയിൽ ഞാൻ അധിക്ഷേപങ്ങൾ നേരിട്ടു, ആ കേസുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന് കണ്ടുതന്നെയറിയണം. എന്റെ ജോലിയെന്നത് നടന്ന സംഭവം റിപ്പോർട്ട് ചെയ്യുക മാത്രമാണ് ” സിറാജ് പറഞ്ഞു.

” അമ്പയർമാർ മത്സരം ഉപേക്ഷിക്കാനുള്ള അവസരം ഞങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ രഹാനെ ഞങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിച്ചു. ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് ഞങ്ങൾ കളിക്കും ” സിറാജ് കൂട്ടിച്ചേർത്തു.

” ഓസ്‌ട്രേലിയയിൽ നേരിട്ട അധിക്ഷേപങ്ങൾ എന്നെ മാനസികമായി കൂടുതൽ ശക്തനാക്കി. അധിക്ഷേപൾ എന്റെ കളിയെ ബാധിക്കാൻ ഞാൻ അനുവദിച്ചില്ല. മുതിർന്ന താരങ്ങൾക്ക് പകരക്കാരനാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. മികച്ച പ്രകടനം തുടർന്ന് എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, ഈ ആത്മവിശ്വാസം ഇംഗ്ലണ്ടിനെതിരെയും തുടരേണ്ടതുണ്ട്. മാനേജ്‌മെന്റ് ഏത് റോളാണോ തരുന്നത് അത് ചെയ്യാൻ ഞാൻ തയ്യാറാണ് ” സിറാജ് പറഞ്ഞു.

മൊഹമ്മദ് ഷാമിയ്ക്കും ഉമേഷ് യാദവിനും പരിക്ക് പറ്റിയതിനെ തുടർന്നാണ് മൊഹമ്മദ് സിറാജിന് അവസരം ലഭിച്ചത്. മൂന്ന് ടെസ്റ്റിൽ നിന്നും 13 വിക്കറ്റുകൾ നേടിയ സിറാജായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത്.