Skip to content

സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയാൽസ്‌ സഹഉടമ

മലയാളി താരം സഞ്ജു വി സാംസണെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെ. ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഐ പി എല്ലിൽ ഒരു ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ കേരളതാരം കൂടിയാണ് സഞ്ജു.

കഴിഞ്ഞ സീസണിൽ സ്മിത്തിന്റെ കീഴിൽ അവസാന സ്ഥാനക്കാരായാണ് രാജസ്ഥാൻ റോയൽസ് ഫിനിഷ് ചെയ്‍തത്. ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് പുറത്തെടുക്കാൻ സ്മിത്തിന് സാധിച്ചില്ല.

കഴിഞ്ഞ സീസണിൽ 14 ഇന്നിങ്സിൽ നിന്നും 150 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 375 റൺസ് നേടിയ സഞ്ജു സാംസണായിരുന്നു ടീമിന്റെ ടോപ്പ് സ്‌കോറർ. രാഹുൽ ദ്രാവിഡിനും അജിങ്ക്യ രഹാനെയ്ക്കും ശേഷം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാകുന്ന ഇന്ത്യൻ താരം കൂടിയാണ് സഞ്ജു.

” സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ മികച്ച പ്ലേയറും ലീഡറും ആയിരുന്നു. ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയുള്ള സംഭാവനകളോട് ഞങ്ങൾ നന്ദി പറയുന്നു. എന്നാൽ ഐ പി എൽ ഒരുപാട് വളർന്നു, ക്യാപ്റ്റൻസിയെന്നത് വളരെ വലിയ ബാധ്യതയായിരിക്കുന്നു. അതുകൊണ്ട് തന്നെ ശക്തമായ ഇന്ത്യൻ നേതൃത്വം അനിവാര്യമായിരിക്കുന്നു. സഞ്ജു റോയൽസിന് വേണ്ടിയാണ് അരങ്ങേറ്റം കുറിച്ചത്. ഈ കഴിഞ്ഞ വർഷങ്ങളിളെല്ലാം അവന്റെ വളർച്ച കാണുന്നത് വളരെയധികം ആസ്വദിച്ചിരുന്നു. 2021 സീസണിൽ റോയൽസിനെ നയിക്കാൻ അനുയോജ്യൻ അവനാണ് ” മനോജ് ബദാലെ പറഞ്ഞു.

സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിച്ചത് സഞ്ജു സാംസണായിരുന്നു. സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ അഞ്ചിൽ മൂന്ന് മത്സരങ്ങളിൽ വിജയിക്കുവാൻ കേരളത്തിന് സാധിച്ചു.

സഞ്ജു സാംസൺ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, രാഹുൽ തിവാട്ടിയ, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, റിയൻ പരാഗ്, കാർത്തിക് ത്യാഗി, ഡേവിഡ് മില്ലർ, ജയദേവ് ഉനാദ്കട്, മഹിപാൽ ലോമർ, യശസ്വി ജൈസ്വൽ, മായങ്ക് മാർഖണ്ഡേ, ആൻഡ്രൂ ടൈ, മനൻ വോഹ്ര, റോബിൻ ഉത്തപ്പ, അനുജ് റവത്. എന്നിവരെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയത്.