CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഇന്ത്യയെ ഒരിക്കലും നിസാരരായി കാണരുത്, ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഗാബയിൽ നടന്ന അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റിന് ഓസ്‌ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയത്. 32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഗാബയിൽ പരാജയപെടുന്നത്.

” ഇതൊരു അവിശ്വസനീയമായ ടെസ്റ്റ് പരമ്പരയായിരുന്നു, അതവസാനീക്കുമ്പോൾ ഒരു വിജയിയും പരാജിതരും ഉണ്ടാകും, ഇന്ന് ഇവിടെ ജയിച്ചത് ടെസ്റ്റ് ക്രിക്കറ്റാണ്, ഈ തോൽവി ഞങ്ങളെ ഒരുപാട് കാലം ഞങ്ങളെ വേദനിപ്പിക്കും, ഇന്ത്യ ക്രെഡിറ്റ് മുഴുവനായും അർഹിക്കുന്നു, അവരുടെ പ്രകടനം അവിശ്വസനീയമായിരുന്നു. എന്നാൽ ഇതിൽ നിന്നും ചില പാഠങ്ങൾ പഠിക്കാനും ഞങ്ങൾക്ക് സാധിച്ചു ” ലാങർ പറഞ്ഞു.

” ഒരിക്കലും ഒരിക്കലും ഇന്ത്യയെ നിസാരരായി കാണരുത്, 1.5 ബില്യൺ ഇന്ത്യയ്ക്കാരുണ്ട്, അവരിൽ നിന്നും ആദ്യ ഇലവനിൽ എത്തുകയെന്നത് വളരെയേറെ ദുഷ്കരമാണ്. 1.5 ബില്യൺ ആളുകളിൽ നിന്നും 11 പേർ ? ഞാൻ പറഞ്ഞതുപോലെ ഇന്ത്യയെ എത്രത്തോളം അഭിനന്ദിച്ചാലും മതിയാകില്ല. ” ലാങർ കൂട്ടിച്ചേർത്തു.

” ആദ്യ ടെസ്റ്റ് മാച്ച് ഞങ്ങൾ മൂന്ന് ദിവസം കൊണ്ടാണ് വിജയിച്ചത്. അവരെ 36 ൽ പുറത്താക്കാൻ ഞങ്ങൾക്ക് സാധിച്ചു. അവിടെനിന്ന് ശക്തമായി തിരിച്ചെത്തിയതിൽ അവർ വളരെയേറെ അഭിനന്ദനം അർഹിക്കുന്നു. അവർ പഠിപ്പിച്ച പാഠം ഒന്നിനെയും നിസാരമായി കാണരുതെന്നാണ് ” ജസ്റ്റിൻ ലാങർ പറഞ്ഞു.

89 റൺസ് നേടി പുറത്താകാതെ നിന്ന റിഷാബ് പന്തിന്റെയും 91 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും 56 റൺസ് നേടിയ ചേതേശ്വർ പുജാരയുടെയും മികവിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ 328 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്.

റിഷാബ് പന്താണ് മാൻ ഓഫ് ദി മാച്ച്. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് മാൻ ഓഫ് ദി സിരീസ്.