Skip to content

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് കാഴ്‌ച്ചവെച്ചത്. 138 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര 2-1 ന് സ്വന്തമാക്കിയതും.

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസും റിഷാബ് പന്ത് പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും റിഷാബ് പന്ത് സ്വന്തമാക്കി. വെറും 27 ഇന്നിങ്സിൽ നിന്നാണ് 23 ക്കാരനായ പന്ത് ഈ നാഴികക്കല്ല് പിന്നിട്ടത്.

32 ഇന്നിങ്‌സിൽ നിന്നും ടെസ്റ്റിൽ 1000 റൺസ് പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയുടെ റെക്കോർഡാണ് പന്ത് തകർത്തത്.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ

  1. റിഷാബ് പന്ത് – 27 ഇന്നിങ്‌സ്
  2. എം എസ് ധോണി – 32 ഇന്നിങ്‌സ്
  3. ഫറോക് എഞ്ചിനീർ – 36 ഇന്നിങ്‌സ്
  4. വൃദ്ധിമാൻ സാഹ – 37 ഇന്നിങ്‌സ്
  5. നയൻ മോംഗിയ – 39 ഇന്നിങ്‌സ്

മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ മറികടന്നത്.

89 റൺസ് നേടിയ പന്തിന് പുറമെ 91 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 56 റൺസ് നേടിയ ചേതേശ്വർ പുജാരയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ബ്രിസ്ബനിലെ ഗാബയിൽ ഓസ്‌ട്രേലിയയിൽ പരാജയപെടുന്നത്. ഈ സ്റ്റേഡിയത്തിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്.