Skip to content

അധിക്ഷേപങ്ങൾ തളർത്തിയില്ല, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നേടിയ സിറാജ് രണ്ടാം ഇന്നിങ്സിൽ 73 റൺസ് വഴങ്ങി 5 വിക്കറ്റ് നേടി. ടെസ്റ്റ് ക്രിക്കറ്റിലെ സിറാജിന്റെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത്.

ഈ പ്രകടനത്തോടെ ഗബ്ബയിൽ സഹീർ ഖാന് ശേഷം 5 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടം സിറാജ് സ്വന്തമാക്കി. 2003-04 സീരീസിൽ 93 റൺസ് വഴങ്ങിയാണ് സഹീർ ഖാൻ 5 വിക്കറ്റ് നേടിയത്.

ഗബ്ബയിൽ ഒരു ഇന്ത്യൻ സീമറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്. 1977 ൽ 72 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മദൻ ലാലാണ് സിറാജിന് മുന്നിലുള്ളത്.

ഗബ്ബയിൽ 5 വിക്കറ്റ് നേട്ടം സ്വാന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരം കൂടിയാണ് മൊഹമ്മദ് സിറാജ്. ഇ പ്രസന്ന (1968), ബിഷൻ സിങ് ബേദി (1977), മദൻ ലാൽ (1977), സഹീർ ഖാൻ (2003) എന്നിവരാണ് സിറാജിന് മുൻപ് ഗബ്ബയിൽ 5 വിക്കറ്റ് നേട്ടം നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ

74 പന്തിൽ 55 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഡേവിഡ് വാർണർ 48 റൺസും മാർക്കസ് ഹാരിസ് 38 റൺസും കാമറോൺ ഗ്രീൻ 37 റൺസും നേടി.

ഇന്ത്യയ്ക്ക് വേണ്ടി 5 വിക്കറ്റ് നേടിയ സിറാജിന് പുറമെ 4 വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്.

328 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 4 റൺ എടുത്തിട്ടുണ്ട്.