Skip to content

സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 186 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ട്ടമായ ഇന്ത്യ ഷാർദുൽ താക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യം ഇന്നിങ്സിൽ 336 റൺസ് നേടുകയും ഓസ്‌ട്രേലിയയുടെ ലീഡ് 33 റൺസ് മാത്രമാക്കി ചുരുക്കുകയും ചെയ്തിരുന്നു.

” ഇന്ത്യ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ പരമ്പരയിൽ ഉടനീളം അവർ പോരാട്ടത്തിനും മത്സരത്തിനും തയ്യാറായിരുന്നു. ബാറ്റ്സ്മാൻഷിപ്പും ശ്രദ്ധയും അർപ്പണബോധവുമാണ് അവരിൽ മികച്ചുനിന്നത്. അവർ അനാവശ്യമായി ഒന്നും ചെയ്തില്ല. ഷാർദുൽ ചില ഷോട്ടുകൾ പിഴച്ചതൊഴിച്ചാൽ തെറ്റായ ഷോട്ടുകൾ അവരിൽ നിന്നുണ്ടായില്ല. പ്രത്യേകിച്ചും അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷം. നിർണായക നിമിഷങ്ങളിൽ എന്താണോ വേണ്ടിവന്നത് അതെല്ലാം ഉണ്ടാക്കിയെടുക്കാൻ അവർക്ക് സാധിച്ചു . ” പോണ്ടിങ് പറഞ്ഞു.

ആക്രമിച്ച് കളിക്കാതിരുന്നതാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായതെന്നും ഓസ്‌ട്രേലിയയുടെ പ്രകടനത്തിൽ താൻ നിരാശനാണെന്നും റിക്കി പോണ്ടിങ് കൂട്ടിച്ചേർത്തു.

” ഓസ്‌ട്രേലിയയുടെ പ്രകടനത്തിൽ ഞാൻ നിരാശനാണ്. ആക്രമിച്ചു കളിക്കാൻ അവർ തയ്യാറായില്ല. വേണ്ടത്ര ഷോർട്ട് ബോളുകൾ അവർ എറിഞ്ഞില്ല. ബാറ്റ്‌സ്മാന്മാരെ എളുപ്പത്തിൽ ക്രീസിൽ നിലയുറപ്പിക്കാൻ അവർ അനുവദിച്ചു. എവിടെയാണോ ബാറ്റ്സ്മാൻ ബൗൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നത് അവിടെ അവർ പന്തെറിഞ്ഞുകൊടുത്തു. ” പോണ്ടിങ് പറഞ്ഞു.

” ബൗളിങ് അവർക്ക് ദുഷ്കരം തന്നെയായിരുന്നു. വിക്കറ്റ് ഫ്ളാറ്റായിരുന്നു. ഒപ്പം മൂവ്മെന്റോ സ്വിങോ ഉണ്ടായിരുന്നില്ല. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

വാഷിങ്ടൺ സുന്ദർ 62 റൺസും ഷാർദുൽ താക്കൂർ 67 റൺസും നേടിയാണ് പുറത്തായത്. ഇരുവരും ഏഴാം വിക്കറ്റിൽ 123 റൺസ് കൂട്ടിച്ചേർത്തു.

5 വിക്കറ്റ് നേടിയ ജോഷ് ഹേസൽവുഡ് മാത്രമാണ് ഓസ്‌ട്രേലിയൻ ബൗളിങ് നിരയിൽ തിളങ്ങിയത്.