Skip to content

തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ

തകർപ്പൻ പ്രകടനമാണ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദർ ഓസ്‌ട്രേലിയക്കെതിരെ കാഴ്ച്ചവെച്ചത്. 3 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച സുന്ദർ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 144 പന്തിൽ 62 റൺസ് നേടി മികച്ച സ്കോറിൽ എത്തിക്കുകയും ചെയ്തു.

ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ഏഴാമനായി ബാറ്റിങിനിറങ്ങി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന വിദേശ താരമെന്ന ചരിത്രനേട്ടം വാഷിങ്ടൺ സുന്ദർ സ്വന്തമാക്കി.

2015 മെൽബൺ ടെസ്റ്റിൽ 59 റൺസ് നേടിയ വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്വെയ്റ്റിന്റെ റെക്കോർഡാണ് സുന്ദർ തകർത്തത്.

123 റൺസ് ഏഴാം വിക്കറ്റിൽ ഷാർദുൽ താക്കൂറിനൊപ്പം ചേർന്ന് സുന്ദർ കൂട്ടിച്ചേർത്തു. ഏഴാം വിക്കറ്റിൽ ഗബ്ബയിൽ ഇന്ത്യയുടെ ആദ്യ സെഞ്ചുറി കൂട്ടുകെട്ടാണിത്.

പ്രകടനത്തോടെ അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റും ഫിഫ്റ്റിയും നേടുന്ന പത്താമത്തെ താരമെന്ന നേട്ടവും രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സുന്ദർ സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ 186 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ടപ്പോൾ കൂറ്റൻ ലീഡാണ് ഓസ്‌ട്രേലിയ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താക്കൂറിന്റെയും സുന്ദറിന്റെയും തകർപ്പൻ കൂട്ടുകെട്ടിന്റെ മികവിൽ ഇന്ത്യ 336 റൺസ് നേടിയതോടെ 33 റൺസിന്റെ ലീഡ് നേടാൻ മാത്രമാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്.

9 ഫോറും 2 സിക്സും ഉൾപ്പെടെ 67 റൺസ് നേടിയാണ് താക്കൂർ പുറത്തായത്. മൂന്ന് വിക്കറ്റും താരം നേരത്തെ വീഴ്ത്തിയിരുന്നു.