Skip to content

എന്തിനാണ് അത്തരത്തിലൊരു ഷോട്ടിന് ശ്രമിച്ചത്, കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ മികച്ച തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല. നേഥൻ ലയണിനെതിരെ അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് ശർമ്മ പുറത്തായത്. ഇതിനുപുറകെ രോഹിത് ശർമ്മയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പുറത്തായ ഷോട്ടിന് ശ്രമിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ.

” പ്രതീക്ഷിച്ച രീതിയിൽ പന്ത് കണക്ട് ചെയ്യാൻ എനിക്ക് സാധിച്ചില്ല. ലോങ് ഓണിനും ഡീപ് സ്ക്വയർ ലെഗിലെ ഫീൽഡർക്കുമിടയിലൂടെ പായിക്കാനാണ് ഞാൻ ശ്രമിച്ചത്. ഇന്നത്തെ പ്രകടനത്തിൽ ഞാൻ സന്തോഷവാനാണ്. ഇവിടെയെത്തുന്നതിന് മുൻപേ പിച്ച് ബാറ്റിങിന് അനുകൂലമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ” രോഹിത് ശർമ്മ പറഞ്ഞു.

” കുറച്ച് ഓവർ കളിച്ചതിന് ശേഷം അധികം സ്വിങ് ഇല്ലെന്ന് എനിക്ക് മനസ്സിലായിയിരുന്നു. അതിന് ശേഷം ഞാൻ ചില മാറ്റങ്ങൾ വരുത്തി. എന്റെ ഡിസ്മിസൽ നിർഭാഗ്യകരമായിരുന്നു. എന്നാലതിൽ എനിക്ക് കുറ്റബോധമില്ല. ക്രീസിൽ നിലയുറപ്പിച്ചാൽ ബൗളർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ഇഷ്ടപെടുന്നു. റൺസ് സ്കോർ ചെയ്യുകയെന്നത് രണ്ട് ടീമുകൾക്കും ദുഷ്‌കരമായിരുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലും മുന്നോട്ട് വന്ന് ബൗളർമാരെ സമ്മർദ്ദത്തിലാക്കേണ്ടിയിരുന്നു. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

” അതിനാണ് ഞാൻ ശ്രമിച്ചത്. അതിൽ തെറ്റുകൾ വരുവാൻ സാധ്യതയുണ്ട്. അത് അംഗീകരിക്കാൻ നിങ്ങൾ തയ്യാറാകണം. അതൊരു പ്ലാൻ തന്നെയാണ് അതുകൊണ്ട് തന്നെ അത്തരമൊരു ഷോട്ടിന് ശ്രമിച്ചതിൽ എനിക്ക് ഖേദമില്ല. ” രോഹിത് ശർമ്മ പറഞ്ഞു.

44 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. രോഹിത് ശർമ്മയുടേത് അനാവശ്യവും നിരുത്തരവാദപരമായ ഷോട്ടാണെന്നാണ് സുനിൽ ഗാവസ്‌കർ വിമർശിച്ചത്. കഴിഞ്ഞ മത്സരത്തിലും മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് മുതലാക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല.