Skip to content

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കുൽദീപ് യാദവ് ചെയ്യേണ്ടതെന്ത് ? ആകാശ് ചോപ്ര പറയുന്നു

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്നും കുൽദീപ് യാദവ് പിന്മാറണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലും കുൽദീപ് യാദവിന് അവസരം ലഭിക്കാത്തതിന് പുറകെയാണ് ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കഴിഞ്ഞ 2 ഐ പി എൽ സീസണിലെ മോശം പ്രകടനം മൂലമാണ് കുൽദീപ് യാദവിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കാത്തതെന്നും കളിക്കാൻ പോലും അനുവദിക്കാത്ത കൊൽക്കത്ത ടീമിൽ തുടരുന്നത് കുൽദീപ് യാദവിന് ദോഷകരമാകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

2019 ജനുവരിയിൽ സിഡ്നിയിലെ 5 വിക്കറ്റ് പ്രകടനത്തിന് ശേഷം കുൽദീപ് യാദവിന് ടെസ്റ്റിൽ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇക്കുറി സ്പിന്നർമാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രൻ അശ്വിനും പരിക്ക് പറ്റിയിട്ടും കുൽദീപ് യാദവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. താൻ മികച്ച ഫോമിലാണെന്ന് തെളിയിച്ചാൽ മാത്രമേ കുൽദീപ് യാദവിന് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കൂവെന്നും അതിനായി പ്ലേയിങ് ഇലവനിൽ താരം ഇടം നെടേണ്ടതുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

” കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി അവനൊരു തീരുമാനത്തിലെത്തേണ്ടതുണ്ട്. കളിപ്പിക്കുന്നില്ലയെങ്കിൽ അവനെ റിലീസ് ചെയ്യണം. കാരണം അവന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കേണ്ടതുണ്ട്. മോശം ഐ പി എൽ സീസണാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അവനെ ഒഴിവാക്കുന്നതിനുള്ള കാരണം. അവന്റെ കോൺഫിഡൻസ് മുഴുവൻ ഇല്ലാതായെന്നും ഇനി ഒരു ഫോർമാറ്റിലും അവന് കളിക്കാൻ സാധിക്കില്ലയെന്നും അവർ കരുതുന്നു. അതുകൊണ്ട് തന്നെ കളിക്കാനെങ്കിലും അനുവദിക്കുന്ന ടീമിൽ അവനെത്തണം ” ആകാശ് ചോപ്ര പറഞ്ഞു.

” ഇനിയവന് എന്താണ് സംഭവിക്കുക ? അവന്റെ കാര്യം ദുഷ്കരം തന്നെയാണ്. കളിക്കാതെ സൈഡ് ബെഞ്ചിലിരുന്നാൽ മികച്ച ബൗളറാകാൻ സാധിക്കില്ല. അവന്റെ കാര്യത്തിൽ ദുഃഖമുണ്ട് ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.