Skip to content

സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പുചോദിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. വംശീയ അധിക്ഷേപം ഏതൊരു സമയത്തും എവിടെയായാലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഡേവിഡ് വാർണർ പറഞ്ഞു.

” വീണ്ടും കളിക്കളത്തിൽ തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. മത്സരഫലം ഞങ്ങൾ ആഗ്രഹിച്ചതായിരുന്നില്ല ലഭിച്ചത്, പക്ഷേ ഇതാണ് ടെസ്റ്റ് ക്രിക്കറ്റ്. 5 ദിവസത്തെ കഠിന ക്രിക്കറ്റ്, കഴിവിന്റെ പരമാവധി കാഴ്ച്ച ഞങ്ങളുടെ താരങ്ങൾക്കും മികച്ച പ്രകടനത്തിലൂടെ സമനില നേടിയെടുത്ത ഇന്ത്യയ്ക്കും അഭിനന്ദനങ്ങൾ. ടെസ്റ്റ് ക്രിക്കറ്റ് എളുപ്പമല്ല, അതുകൊണ്ടാണ് ഈ ഗെയിമിനെ ഞങ്ങൾ ഇഷ്ട്ടപ്പെടുന്നത്. ഡിസൈഡറിനായി ഇനി ബ്രിസ്ബനിലേക്ക് . ” ഡേവിഡ് വാർണർ പറഞ്ഞു.

” മൊഹമ്മദ് സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിക്കാനുള്ള ഞാൻ ആഗ്രഹിക്കുന്നു. റേസിസം എവിടെയും ഏതൊരു സമയത്തും അംഗീകരിക്കാൻ സാധിക്കില്ല. ഞങ്ങളുടെ കാണികളിൽ നിന്നും ഞാൻ നല്ലത് പ്രതീക്ഷിക്കുന്നു. ” ഡേവിഡ് വാർണർ കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാർണർ ഈ മത്സരത്തോടെയാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ ആദ്യ ഇന്നിങ്സിൽ 5 റൺ നേടി പുറത്തായ വാർണർക്ക് രണ്ടാം ഇന്നിങ്സിൽ 13 റൺസ് നേടാനെ സാധിച്ചുള്ളു.

ജനുവരി 15 ന് ബ്രിസ്ബനിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.