Skip to content

സ്റ്റീവ് സ്മിത്ത് ചെയ്തത് ചതിയൊ വിശദീകരണവുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

സിഡ്‌നിയിൽ നടന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ക്രീസിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്റെ ഗാർഡ് മായ്ക്കുന്ന ദൃശ്യം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരിക്കൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് ലഭിച്ചിരുന്ന സ്റ്റീവ് സ്മിത്ത് വീണ്ടും ചതി ചെയ്തുവെന്നും താരത്തിന് ഐസിസി ശിക്ഷ നൽകണമെന്നും ആരാധകർ ആവശ്യപെട്ടിരുന്നു. ഇതിനുപുറകെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ.

” സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കത് മനസിലാകും. ഓരോ മത്സരത്തിലും ഒരു ദിനത്തിൽ അഞ്ചോ ആറോ തവണ അവനിങ്ങനെ ചെയ്യാറുണ്ട്. ” ടിം പെയ്ൻ പറഞ്ഞു.

” എല്ലായ്പ്പോഴും ക്രീസിൽ വന്നുകൊണ്ട് അവൻ ഷാഡോ ബാറ്റിങ് ചെയ്യും, എല്ലാവർക്കും അറിയാവുന്ന പോലെ അവന്റെ ചില പ്രത്യേക ശൈലികളുണ്ട്, അതിലൊന്നാണ് സെന്റർ മാർക്ക് ചെയ്യുകയെന്നത്. അവൻ റിഷാബ് പന്തിന്റെ ഗാർഡ് മാറ്റുവാൻ ശ്രമിച്ചിട്ടില്ല, അങ്ങനെ ചെയ്തുവെങ്കിൽ ഇന്ത്യൻ താരങ്ങൾ തന്നെ അതിൽ പരാതി ഉന്നയിച്ചിട്ടുണ്ടാകും, ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.

” ഫീൽഡ് ചെയ്യുമ്പോൾ ക്രീസിലെത്തി ബാറ്റ് ചെയ്യുന്നത് പോലെ അവൻ സങ്കല്പിക്കാറുണ്ട്. കഴിഞ്ഞ ദിവസവും അത് തന്നെയാണ് നടന്നത്. ലെഫ്റ്റ് ഹാൻഡറായി ചില ഷോട്ടുകൾ അവൻ സങ്കൽപ്പിക്കുന്നത് നിങ്ങൾക്ക് കാണാം. ബാറ്റ് ചെയ്യുമ്പോഴെല്ലാം അവൻ സെന്റർ മാർക്ക് ചെയ്യാറുമുണ്ട് ” ടിം പെയ്ൻ കൂട്ടിച്ചേർത്തു.

ആദ്യ ഇന്നിങ്സിൽ 131 റൺസും രണ്ടാം ഇന്നിങ്സിൽ 81 റൺസും നേടി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച സ്റ്റീവ് സ്മിത്താണ് പ്ലേയർ ഓഫ് ദി മാച്ച്.

വിവാദ വീഡിയോ ;