Skip to content

അശ്വിനും വിഹാരിയും പൊരുതി, ജയത്തിന് സമാനമായ സമനില നേടി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സമനില പിടിച്ച് ടീം ഇന്ത്യ. 407 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 334 റൺസ് നേടി.

ഹനുമാ വിഹാരിയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ പരാജയത്തിൽ നിന്നും രക്ഷിച്ചത്. ഹനുമാ വിഹാരി 161 പന്തിൽ 23 റൺസും രവിചന്ദ്രൻ അശ്വിൻ 128 പന്തിൽ 39 റൺസും നേടി പുറത്താകാതെ നിന്നു.

118 പന്തിൽ 97 റൺസ് നേടിയ റിഷാബ് പന്തും 77 റൺസ് നേടിയ ചേതേശ്വർ പുജാരയും നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്ത് വിജയപ്രതീക്ഷ നൽകിയിരുന്നുവെങ്കിലും ഇരുവരും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ എന്നിവർ 2 വിക്കറ്റ് വീതം നേടി.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ 84 റൺസ് നേടിയ കാമറോൺ ഗ്രീൻ, 81 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 73 റൺസ് നേടിയ ലാബുഷെയ്ൻ എന്നിവരുടെ മികവിലാണ് 407 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്.

ആദ്യ ഇന്നിങ്സിൽ 131 റൺസും രണ്ടാം ഇന്നിങ്സിൽ 81 റൺസും നേടിയ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദി മാച്ച്.

ജനുവരി 15 ന് ബ്രിസ്ബനിലെ ഗബ്ബയിലാണ് പരമ്പരയിലെ അവസാന മത്സരം.