Skip to content

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ, പിന്നിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്

ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 98 പന്തുകളിൽ നിന്നും 52 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ ശുഭ്മാൻ ഗില്ലുമൊത്ത് 71 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തിരുന്നു.

ആദ്യ ഇന്നിങ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 100 സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ഹിറ്റ്മാൻ രണ്ടാം ഇന്നിങ്സിലും സിക്സിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയൻ ബൗളർ കാമറോൺ ഗ്രീനിനെതിരെ നേടിയ സിക്സോടെ ഓസ്‌ട്രേലിയൻ മണ്ണിൽ 50 സിക്സ് നേടുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കി.

വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സാണ് ഈ റെക്കോർഡിൽ രോഹിത് ശർമ്മയ്ക്ക് പുറകിലുള്ളത്. 45 സിക്സ് ഓസ്‌ട്രേലിയൻ മണ്ണിൽ അദ്ദേഹം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ വിദേശ ബാറ്റ്‌സ്മാന്മാർ

  1. രോഹിത് ശർമ്മ – 50
  2. വിവിയൻ റിച്ചാർഡ്സ് – 45
  3. ക്രിസ് ഗെയ്ൽ – 35
  4. ഷാഹിദ് അഫ്രീദി – 32

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 423 സിക്സ് നേടിയ രോഹിത് ശർമ്മ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ ക്രിസ് ഗെയ്ലിനും ഷാഹിദ് അഫ്രീദിയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണുള്ളത്. ഗെയ്ൽ 534 സിക്സും അഫ്രീദി 476 സിക്സും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിൽ 244 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. 270 സിക്സ് നേടിയ സനത് ജയസൂര്യ, 331 സിക്സ് നേടിയ ക്രിസ് ഗെയ്ൽ, 351 സിക്സ് നേടിയ ഷാഹിദ് അഫ്രീദി എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.

അന്താരാഷ്ട്ര ടി20 യിലാകട്ടെ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണ്. 108 മത്സരങ്ങൾ കളിച്ച ഹിറ്റ്മാൻ 127 തവണ ബോൾ സ്റ്റേഡിയം കടത്തിയിട്ടുണ്ട്.