Skip to content

ജഡേജയുടെ മിന്നൽ ത്രോ! ഇന്ത്യയ്ക്ക് തലവേദനയായ സ്മിത്തിനെ പുറത്താക്കാൻ ഒടുവിൽ ജഡേജയുടെ ഡയറക്റ്റ് ഹിറ്റ്

സിഡ്‌നിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 338 റണ്‍സ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ട്ടം. 96 റൺസിൽ 2 വിക്കറ്റ് എന്ന നിലയിലാണ്. ക്യാപ്റ്റൻ അജിൻക്യ രഹാനെയും പുജാരയുമാണ് ക്രീസിൽ.

ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗിലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. പരിക്ക് ഭേദമായ ടീമിൽ തിരിച്ചെത്തിയ രോഹിത് 26 റൺസ് നേടി. ടീം സ്‌കോർ 70 ൽ നിൽക്കെയാണ് ഹെസ്ൽവുഡിന്റെ പന്തിൽ രോഹിത് ക്യാച്ചിലൂടെ പുറത്തായത്. ടെസ്റ്റ് കരിയറിലെ ആദ്യ അർദ്ധ സെഞ്ചുറി നേടി യുവ താരം ഗിലും പിന്നാലെ മടങ്ങി. 101 പന്ത് നേരിട്ട ഗില്‍ എട്ട് ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു.

ഓസ്‌ട്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്തും ലെബുഷെയനുമാണ് തിളങ്ങിയത്. 91 റൺസ് നേടി സെഞ്ചുറിക്ക് അരികെയാണ് ലെബുഷെയ്ൻ മടങ്ങിയത്. കഴിഞ്ഞ 4 ഇന്നിംഗ്‌സിലായി മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ശക്തമായ തിരിച്ചു വരവാണ് സിഡ്നിയിൽ നടത്തിയത്.

131 റൺസ് നേടി വാലറ്റത്തെ കൂട്ടുപിടിച്ച് ഓസ്‌ട്രേലിയയുടെ സ്‌കോർ ഉയർത്തി. എന്നാൽ അവസാന വിക്കറ്റിൽ 2 റൺസിനായി ഓടുന്നതിനിടെ ജഡേജയുടെ ത്രോയിലൂടെ പുറത്തായി. സ്ക്വയർ ലെഗിൽ നിന്നായിരുന്നു ജഡേജയുടെ മിന്നൽ ത്രോ.

അവസാന വിക്കറ്റിൽ ഹെസ്ൽവുഡും സ്മിത്തും ചേർന്ന് 22 റൺസ് നേടി. ഇന്ത്യൻ ബോളിങ് നിരയിൽ ജഡേജ 4 വിക്കറ്റ്, ബുംറ സെയ്നി എന്നിവർ 2 വിക്കറ്റ് വീതവും നേടി. സിറാജിന് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്.