Skip to content

നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനം, കാരണം വ്യക്തമാക്കി പാർത്ഥിവ് പട്ടേൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മത്സരത്തിൽ നടരാജന് അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നവദീപ് സെയ്‌നിയെയാണ് ഉമേഷ് യാദവിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്.

നടരാജൻ മികച്ച ഫോമിൽ ആണെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റിൽ അവസരം നൽകുന്നത് യുവതാരങ്ങൾക്ക് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും നവദീപ് സെയ്‌നി കഴിഞ്ഞ ഒന്നര കൊല്ലമായി ടെസ്റ്റ് ടീമിലുണ്ടെന്നും അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനിൽ അവസരം അർഹിക്കുന്നത് സെയ്‌നിക്കാണെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” നടരാജൻ മികച്ച ഫോമിൽ തന്നെയാണ്, എന്നാൽ അവൻ മികച്ച പ്രകടനം പുറത്തെടുത്തത് വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രമാണ്. എന്നാൽ ഐ പി എൽ ഫോമിന്റെ അടിസ്‌ഥാനത്തിൽ ഒരു താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് തെറ്റായ സന്ദേശമായിരിക്കും.” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” ഞാൻ സെയ്‌നിയെ തന്നെയാണ് കളിപ്പിക്കുക. കാരണം കഴിഞ്ഞ ഒന്നര കൊല്ലമായി അവൻ ടീമിനൊപ്പമുണ്ട്. നാലാം പേസറായോ അഞ്ചാം പേസറായോ ടീമിൽ സ്ഥാനമുറപ്പിക്കാൻ അവന് സാധിച്ചിട്ടുണ്ട്. സിറാജാകട്ടെ ഇന്ത്യ എ യ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. സെയ്‌നിയ്ക്കും അതുപോലെ എല്ലായിടത്തും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചു. അതുകൊണ്ട് തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോർഡും ഫോമും കണക്കിലെടുത്താൽ സെയ്‌നി തന്നെയാണ് പ്ലേയിങ് ഇലവനിൽ സ്ഥാനമർഹിക്കുന്നത്. ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.