Skip to content

അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനെ കുറിച്ച് മനസ്സുതുറന്ന് സ്റ്റീവ് വോ

1998 ൽ ഷാർജയിൽ നടന്ന കൊക്ക കോള കപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ഡെസേർട്ട് സ്റ്റോമെന്നാണ് ടൂർണമെന്റിലെ സച്ചിന്റെ പ്രകടനം പിന്നീട് അറിയപ്പെട്ടത്.

ഫൈനലിന് മുൻപായി നടന്ന മത്സരത്തിൽ 131 പന്തിൽ 143 റൺസ് നേടിയ സച്ചിൻ ഫൈനലിൽ 131 പന്തിൽ 134 റൺസ് നേടി ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം സമ്മാനിച്ചിരുന്നു. 5 ഇന്നിങ്സിൽ 87.00 ശരാശരിയിൽ 435 റൺസ് ടൂർണമെന്റിൽ സച്ചിന്റെ ബാറ്റിൽ നിന്നും പിറന്നിരുന്നു.

” ഷാർജയിൽ തുടർച്ചയായ നടന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ 142 റൺസ് അവൻ നേടിയിരുന്നു. ഞാനായിരുന്നു ക്യാപ്റ്റൻ അലൻ ബോർഡറായിരുന്നു കോച്ച്. മത്സരശേഷമുള്ള ടീം മീറ്റിങ്ങിൽ സച്ചിന്റെ ഇന്നിങ്സിനെ പറ്റി ചിന്തിക്കേണ്ടെന്നും ഈ പ്രകടനം ആവർത്തിക്കാൻ സച്ചിന് സാധിക്കുകയില്ലെന്നും അലൻ ബോർഡർ പറഞ്ഞിരുന്നു. അടുത്ത ദിവസം അവൻ 134 റൺസ് നേടി. അവന്റെ പ്രകടനം മറ്റൊരു തലത്തിലായിരുന്നു. ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ പോലും സാധിച്ചില്ല. അവനെയെങ്ങനെ പുറത്താക്കണമെന്നും ഞങ്ങൾക്കറിയില്ലായിരുന്നു. ” സ്റ്റീവ് വോ പറഞ്ഞു.

” അവൻ ബാറ്റിങ് വളരെയധികം ഇഷ്ട്ടപ്പെടുന്നു. ഓരോ ദിവസംതോറും അവൻ ബാറ്റ് ചെയ്യുന്നു, റൺസ് സ്കോർ ചെയ്യുന്നു. അത്ഭുതപെടുത്തുന്ന ഏകാഗ്രതയാണ് സച്ചിനുണ്ടായിരുന്നത്. വിക്കറ്റിനിടയിലൂടെയുള്ള അവന്റെ റണ്ണിങ് വളരെ വേഗത്തിലായിരുന്നു. അത് ഞങ്ങളുടെ ഫീൽഡർമാരെ സമ്മർദ്ദത്തിലാക്കി. സമ്മർദ്ദം എപ്പോഴും ബൗളർമാരുടെ നേരെ തിരിച്ചുവിടാൻ സച്ചിൻ ശ്രദ്ധിക്കുമായിരുന്നു. ” സ്റ്റീവ് വോ കൂട്ടിച്ചേർത്തു.