Skip to content

രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടതാരെ, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെത്തുമ്പോൾ പ്ലേയിങ് ഇലവനിൽ നിന്നും ആരെ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വി വി എസ് ലക്ഷ്മൺ. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നുവെന്നും രോഹിത് ശർമ്മയ്ക്ക് വേണ്ടി ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ ഒഴിവാക്കണമെന്നും ലക്ഷ്മൺ പറഞ്ഞു.

” തീർച്ചയായും ഒരു ബാറ്റ്‌സ്മാൻ പുറത്തുപോകേണ്ടതുണ്ട്. മായങ്ക് അഗർവാളിന്റെ സ്ഥാനത്തായിരിക്കും രോഹിത് ശർമ്മയെത്തുക. കാരണം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര ടെസ്റ്റിൽ ഓപ്പണറായി മികച്ച റെക്കോർഡാണ് അവനുള്ളത്. ” ലക്ഷ്മൺ പറഞ്ഞു.

” വിരാട് കോഹ്ലിയില്ലാത്തതിനാൽ തന്നെ രോഹിത് ശർമ്മയുടെ മടങ്ങിവരവ് ഇന്ത്യയ്ക്ക് അനിവാര്യമാണ്. കാരണം ടീമിൽ എക്‌സ്പീരിയൻസ് ആവശ്യമാണ്. കാരണം സിഡ്നിയിൽ 2-1 ന് മുൻപിലെത്തി പരമ്പര 3-1 ന് സ്വന്തമാക്കാനുള്ള അവസരം നമുക്കുണ്ട്. തന്റെ കഴിവ്‌ പുറത്തെടുക്കാൻ രോഹിത് ശർമ്മയും ആഗ്രഹിക്കുന്നുണ്ട്. അവന്റെ ബാറ്റിങ് ശൈലിയും കഴിവും ഓസ്‌ട്രേലിയൻ വിക്കറ്റിന് യോജിച്ചതാണ്. ” വി വി എസ് ലക്ഷ്മൺ കൂട്ടിച്ചേർത്തു.

മെൽബണിൽ ഇന്ത്യ നേടിയ വിജയം ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തി പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുമെന്ന് പ്രവചിച്ചവർക്കുള്ള മറുപടിയാണെന്നും ലക്ഷ്മൺ പറഞ്ഞു.