Skip to content

എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. കെയ്ൻ വില്യംസന്റെ സ്ഥിരതയിൽ അത്ഭുതപെടാനില്ലയെന്നും ഏതൊരു യുവതാരവും അനുകരിക്കേണ്ടത് വില്യംസനെയാണെന്നും ലക്ഷ്മൺ പറഞ്ഞു.

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും വിരാട് കോഹ്ലിയെയും പിന്നിലാക്കി വില്യംസൺ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിനുപുറകെയാണ് രണ്ടാം ടെസ്റ്റിലും താരം തകർപ്പൻ സെഞ്ചുറി നേടിയത്.

” കെയ്ൻ വില്യംസന്റെ സ്ഥിരതയിൽ അത്ഭുതപെടാനില്ല. അവിശ്വസനീയമായ വർക്ക് എതിക്സും ഏകാഗ്രതയുമാണ് അവന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ. ഏതൊരു യുവതാരവും അനുകരിക്കേണ്ട യഥാർത്ഥ റോൾ മോഡലാണ് വില്യംസൺ ” ട്വിറ്ററിൽ ലക്ഷ്മൺ കുറിച്ചു.

ഐ പി എല്ലിൽ കെയ്ൻ വില്യംസൺ കളിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേശകൻ കൂടിയാണ് വി വി എസ് ലക്ഷ്മൺ.

അതിനിടെ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും വില്യംസന്റെ മികവിൽ ന്യൂസിലാൻഡ് പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ 297 റൺസിന് പുറത്താക്കിയ ന്യൂസിലാൻഡ് മറുപടി ബാറ്റിങിൽ ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 286 റൺസ് എടുത്തിട്ടുണ്ട്. 112 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസണും 89 റൺസ് നേടിയ ഹെൻറി നിക്കോളാസുമാണ് ക്രീസിലുള്ളത്.