Skip to content

അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരകളും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായ രോഹിത് ശർമ്മ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങും. എന്നാൽ രോഹിത് ശർമ്മ ഉയർത്തുന്ന വെല്ലുവിളിയേറ്റെടുക്കാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. രോഹിത് ശർമ്മയെ പുറത്താക്കാനുള്ള പദ്ധതികളും തങ്ങളുടെ പക്കലുണ്ടെന്നും ഓസ്‌ട്രേലിയൻ സ്പിന്നർ കൂട്ടിച്ചേർത്തു.

” തീർച്ചയായും രോഹിത് ശർമ്മ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളാണ്. അതുകൊണ്ട് തന്നെ അവനെ നേരിടുകയെന്നത് ഞങ്ങൾ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ്. എന്നാൽ വെല്ലുവിളികൾ ഞങ്ങൾക്ക് ഇഷ്ടവുമാണ്. ” നേഥൻ ലയൺ പറഞ്ഞു.

” രോഹിത് ശർമ്മ ഇന്ത്യൻ ടീമിലെ നിർണായക താരമാണ്. അതുകൊണ്ട് തന്നെ അവന് വേണ്ടി ആരെ പുറത്തിരുത്തുമെന്ന് കണ്ടുതന്നെയറിയണം. എന്നാൽ രോഗിച് ശർമ്മയെ പുറത്താക്കാനുള്ള പദ്ധതികൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അവനെ പെട്ടെന്ന് തന്നെ പുറത്താക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എത്രത്തോളം മികച്ച ക്രിക്കറ്ററാണ് രോഹിത് ശർമ്മയെന്ന് ഞങ്ങൾക്കറിയാം. ” ലയൺ കൂട്ടിച്ചേർത്തു.

ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്.

നിർണായക മാറ്റങ്ങളോടെയാകും അവസാന രണ്ട് ടെസ്റ്റിനായി ഇന്ത്യയിറങ്ങുന്നത്. പരിക്കേറ്റ ഉമേഷ് യാദവിന് പകരക്കാരനായി ടി നടരാജനും മൊഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി ഷാർദുൽ താക്കൂറും ഇടം നേടിയിട്ടുണ്ട്.