Skip to content

ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഐ പി എല്ലിലെ തന്റെ സഹതാരം ടി നടരാജന് ഏകദിന, ടി20യ്ക്കും പുറമെ ടെസ്റ്റ് ടീമിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മികവ് ടെസ്റ്റിലും തുടരാൻ സാധിക്കുമോയെന്ന് തനിക്ക് ഉറപ്പില്ലയെന്നും ഡേവിഡ് വാർണർ പറഞ്ഞു.

ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്ന് ടി20 പരമ്പരയും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായ ഡേവിഡ് വാർണർ സിഡ്‌നിയിൽ നടക്കുന്ന മൂന്നാം മത്സരത്തോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

” ടി20 യിലെ പ്രകടനം ടെസ്റ്റിലും തുടരാൻ സാധിക്കുമോയെന്ന കാര്യത്തിൽ എനിക്കുറപ്പില്ല. അവന്റെ രഞ്ജി ട്രോഫി റെക്കോർഡുകൾ നിങ്ങൾക്കറിയാം. ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള ലെങ്തും ലൈനും അവനുണ്ട്. എന്നാൽ തുടർച്ചയായി ഓവറുകളിൽ അവനത് ചെയ്യാനാകുമോ ? അക്കാര്യത്തിൽ എനിക്ക് നൂറുശതമാനം ഉറപ്പില്ല ” വാർണർ പറഞ്ഞു.

എന്നാൽ മൊഹമ്മദ് സിറാജ് അരങ്ങേറ്റത്തിൽ കാഴ്ച്ചവച്ചതുപോലെ മികച്ച പ്രകടനം അവസരം ലഭിച്ചാൽ നടരാജനും കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്നും ഡേവിഡ് വാർണർ പറഞ്ഞു.

” ഇത് നടരാജൻ അർഹിച്ച റിവാർഡാണ്, കാരണം കുഞ്ഞിന്റെ ജനനസമയത്താണ് നെറ്റ് ബൗളറായി അവൻ ഇവിടെയെത്തിയത്. പിന്നീടവന് ടീമിലിടം നേടാനും സാധിച്ചു, അത് വലിയ അംഗീകാരമാണ്, അവനെന്റെ അഭിനന്ദനങ്ങൾ. അവൻ മികച്ച ബൗളറാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിൽ ക്യാപ്റ്റനായിരിക്കവേ അതെനിക്ക് മനസ്സിലായിരുന്നു. ഞാനവന് എല്ലാ ഭാവുകങ്ങളും നേരുന്നു. ” വാർണർ കൂട്ടിച്ചേർത്തു.