Skip to content

രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷം മികച്ച തിരിച്ചുവരവാണ് മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തിലെ ഇന്ത്യൻ മേധാവിത്വത്തിന് പുറകെ ആരാധകരും മുൻ താരങ്ങളും അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിക്കാനില്ലയെന്ന നിലപാടിലാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ.

രഹാനെയുടെ ക്യാപ്റ്റൻ മികച്ചതെന്ന് താനിപ്പോൾ വിലയിരുത്തിയാൽ മുംബൈ താരങ്ങളെ പിന്തുണയ്ക്കുകയാണെന്നും മറ്റും ആളുകൾ പറയുമെന്നും ആദ്യ ദിവസങ്ങൾ ആയതുകൊണ്ട് അതിൽ ശ്രദ്ധ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

” രഹാനെയുടെ ക്യാപ്റ്റൻസി മികച്ചതാണെന്ന് ഞാനിപ്പോൾ പറഞ്ഞാൽ വീണ്ടും മുംബൈ താരങ്ങളെ പിന്തുണയ്ക്കുമെന്ന് വീണ്ടും ആളുകൾ പറഞ്ഞുതുടങ്ങും. അതിലൊന്നും എനിക്കിപ്പോൾ താല്പര്യമില്ല, കാരണം ഇതിപ്പോൾ ആദ്യ ദിവസങ്ങൾ മാത്രമാണ്. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” അവസാന രണ്ട് ടെസ്റ്റും അവൻ ക്യാപ്റ്റനായ ഏകദിനവും വിലയിരുത്തകയാണെങ്കിൽ ഫീൽഡർമാരെ എവിടെ നിർത്തണമെന്ന് അവന് ഉത്തമബോധ്യമുണ്ട്. അതിനൊപ്പം തന്നെ ബൗളർമാരും ഫീൽഡിനനുസരിച്ച് പന്തെറിയേണ്ടതുണ്ട്. മികച്ച പ്രകടനത്തിന് കാരണം രഹാനെയുടെ ക്യാപ്റ്റൻസി മത്രമല്ല. അതിൽ അശ്വിനും ബുംറയ്ക്കും സിറാജിനും നിർണായക പങ്കുണ്ട്. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.