Skip to content

അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

ആദ്യ ഇന്നിങ്സിൽ 35 റൺസ് വഴങ്ങി സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ, മാത്യൂ വേഡ് എന്നിവരെ അശ്വിൻ പുറത്താക്കിയിരുന്നു. ഇത് എട്ടാം തവണയാണ് അശ്വിൻ ഓസ്‌ട്രേലിയയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുന്നത്. ഇതോടെ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ സ്പിന്നറെന്ന നേട്ടം അശ്വിൻ സ്വന്തമാക്കി.

ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർമാർ

  1. രവിചന്ദ്രൻ അശ്വിൻ – 8
  2. അനിൽ കുംബ്ലെ – 7
  3. ബിഷാൻ സിങ് ബേദി – 6
  4. ഇ പ്രസന്ന – 6

കൂടാതെ മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിലെ ഏറ്റവും ആദ്യത്തെ സെഷനിൽ ഒന്നിലധികം വിക്കറ്റ് നേടുന്ന ആദ്യ സ്പിന്നറെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി.

ഓപ്പണിങ് ബാറ്റ്‌സ്മാൻ മാത്യൂ വേഡിനെയും സ്റ്റീവ് സ്മിത്തിനെയും ലഞ്ച് ഇടവേളയ്ക്ക് മുൻപേ പുറത്താക്കിയാണ് ഈ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.

റണ്ണൊന്നും നേടാതെയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ഇതാദ്യമായാണ് സ്റ്റീവ് സ്മിത്ത് ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്താകുന്നത്. ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ വലംകയ്യൻ സ്പിന്നർ കൂടിയാണ് അശ്വിൻ.