Skip to content

ഇന്ത്യയ്ക്കെതിരെ ആദ്യമായി പൂജ്യത്തിന് പുറത്തായി സ്റ്റീവ് സ്മിത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ആദ്യമായി പൂജ്യത്തിന് പുറത്തായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ രവിചന്ദ്രൻ അശ്വിനാണ് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്.

ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്താകുന്നത്. കൂടാതെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്മിത്തിന്റെ ആദ്യ ഡക്ക് കൂടിയാണിത്. 2016 ലാണ് ഇതിനുമുൻപ് സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്തായത്.

മത്സരത്തിൽ ആദ്യ ദിനം തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയയെ 195 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്.

നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനുമാണ് ഓസ്‌ട്രേലിയയെ തകർത്തത്. അരങ്ങേറ്റക്കാരൻ മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

48 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 38 റൺസ് നേടിയ ട്രാവിസ് ഹെഡും മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.