Skip to content

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും രോഹിതിനെയും വീഴ്ത്തിയതെങ്ങനെ ? തുറന്നുപറഞ്ഞ് മൊഹമ്മദ് ആമിർ

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ഫൈനലിൽ 6 ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആമിറായിരുന്നു പാകിസ്ഥാനെ വിജയത്തിൽ പ്രധാനപങ്ക് വഹിച്ചത്. രോഹിത് ശർമ്മയ്ക്കും കോഹ്ലിക്കുമൊപ്പം ശിഖാർ ധവാനെയും ആമിർ പുറത്താക്കിയിരുന്നു.

” പന്ത്‌ കയ്യിൽ കിട്ടിയപ്പോൾ ഈ മൂവരുടെയും വിക്കറ്റ് ലഭിച്ചാൽ അത് എത്രത്തോളം സന്തോഷം പകരുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഓരോ തവണ റണ്ണപ്പിനായി പോകുമ്പോഴും ഞാൻ അക്കാര്യമാണ് ചിന്തിച്ചുകൊണ്ടിരുന്നത്. “

” ഇൻ സ്വിങിൽ രോഹിത് ശർമ്മ പ്രയാസപെടുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ രണ്ട് പന്തും ഇൻ സ്വിങർ എറിയില്ലയെന്നായിരുന്നു എന്റെ പദ്ധതി. പന്ത്‌ സ്വിങ് ചെയ്യുന്നില്ലയെന്ന് അവനിൽ തോന്നലുണ്ടാക്കാനാണ് ഞാൻ ശ്രമിച്ചത്. ആദ്യ രണ്ട് പന്തുകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. എന്നാൽ മൂന്നാം പന്തിൽ ഞാൻ ഇൻ സ്വിങ് പരീക്ഷിച്ചു, അത് വിജയിക്കുകയും ചെയ്തു. ” മൊഹമ്മദ് ആമിർ പറഞ്ഞു.

” വിരാട് കോഹ്ലിയ്ക്ക് തുടക്കത്തിൽ പിഴവ് പറ്റിയെങ്കിലും അവന്റെ ക്യാച്ച് അസ്ഹർ അലി നഷ്ട്ടപെടുത്തി. ഫഖർ സമാനെയാണ് ആ വേളയിൽ എനിക്ക് ഓർമ വന്നത്, കാരണം നോ ബോൾ ഔട്ടായ അവൻ പിന്നീട് സെഞ്ചുറി നേടിയിരുന്നു. കോഹ്ലി നിലയുറപ്പിച്ചാൽ 40-45 ഓവറുകൾക്കുള്ളിൽ അവൻ മത്സരം ഫിനിഷ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. ” ആമിർ കൂട്ടിച്ചേർത്തു.

” കോഹ്ലിയ്ക്കെതിരെ ഞാൻ ഇൻസ്വിങർ പരീക്ഷിച്ചപ്പോൾ അവനും പിഴവ് പറ്റിയിരുന്നു. അതിനുശേഷം ഇൻ സ്വിങർ എറിയില്ലയെന്ന് ഞാൻ തീരുമാനിച്ചു. അൽപ്പം ഉയരത്തിൽ കോഹ്ലിയെ ഡ്രൈവ് ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പന്തെറിയാനാണ് ഞാൻ പിന്നീട് ശ്രമിച്ചത്. എന്നാൽ അതിനുമുൻപേ കോഹ്ലി എന്നെ ഓൺസൈഡിലേക്ക് കളിക്കാൻ തീരുമാനിച്ചിരുന്നു. എന്റെ പന്താകട്ടെ വെളിയിലേക്ക് പോകുന്ന തരത്തിലായിരുന്നു. ഭാഗ്യവശാൽ ഷാദാബിന് അത് ക്യാച്ച് ചെയ്യാനും സാധിച്ചു. ” ആമിർ കൂട്ടിച്ചേർത്തു.