Skip to content

36 റൺസിന് ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 36 റൺസിന് പുറത്തായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിലെ മൂന്നാം ദിനത്തിലാണ് 36 റൺസിന് ഇന്ത്യ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ കൂടിയാണിത്.

സമ്മർദ്ദങ്ങൾ നേരിടാൻ പ്രാപ്തിയുള്ള താരങ്ങൾ തന്നെയാണ് ഇന്ത്യയ്ക്കുള്ളതെങ്കിലും ഭാഗ്യം ഇന്ത്യയോടൊപ്പം ഉണ്ടായില്ലയെന്നും 36 റൺസിന് പുറത്താകാനുള്ള പ്രധാനകാരണം അതായിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

” സമ്മർദ്ദങ്ങളെ അവർ നേരിട്ടിട്ടുണ്ട്. പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവരെ മാറ്റിനിർത്തിയാൽ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, പുജാര, സാഹ ഇവരെല്ലാം തന്നെ പരിചയമികവുള്ള താരങ്ങളാണ്. അതുകൊണ്ട് സമ്മർദ്ദങ്ങളെ നേരിടാൻ അവർക്ക് കഴിവുണ്ട്, ആ കഴിവിന്റെ പരമാവധി അവർ ശ്രമിക്കുകയും ചെയ്തു. ” സച്ചിൻ പറഞ്ഞു.

” എന്നാൽ ചില സമയങ്ങളിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ സഹായം ആവശ്യമാണ്. ഞാൻ പറഞ്ഞതുപോലെ ഒരുപാട് സന്ദർഭങ്ങളിൽ ബാറ്റ്‌സ്മാന്മാർക്ക് പിഴവ് പറ്റിയിട്ടും പുറത്താകാതെ ബാറ്റിങ് തുടരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാലത് ഇവിടെ നടന്നില്ല. എഡ്ജ് ചെയ്യുന്നതെല്ലാം നേരിട്ട് ഫീൽഡൽമാരുടെ കൈകളിലെത്തി. അവരാകട്ടെ പിഴവുകൾ വരുത്തിയതുമില്ല. ആദ്യ ഇന്നിങ്‌സിൽ ഇതുപോലെ എഡ്ജ് ചെയ്തിരുന്നുവെങ്കിലും പന്ത് ഫീൽഡൽമാരുടെ അരികിലെത്തിയില്ല. രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കൂടുതൽ ദൃഢമായി അതിനാൽ തന്നെ കൂടുതൽ പേസും ബൗൺസും ബൗളർമാർക്ക് ലഭിച്ചു ” സച്ചിൻ കൂട്ടിച്ചേർത്തു.

ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങുയതിനാൽ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ ദുഷ്കരമാകും. അജിങ്ക്യ രഹാനെയാണ് തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത്.