Skip to content

രാഹുൽ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമോ ? ബിസിസിഐ യുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനെ സഹായിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കണമെന്ന് മുൻ താരങ്ങളും ആരാധകരും അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ തയ്യാറെടുക്കുന്ന രാജീവ് ശുക്ല.

ടീമിന്റെ പ്രകടനത്തിൽ സന്തുഷ്ടരല്ലയെങ്കിലും ആരും തന്നെ നിലവിൽ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയില്ലെന്നും ആദ്യ ഇന്നിങ്സിലെ ടീമിന്റെ പ്രകടനം തൃപ്തികരമാണെന്നും രാജീവ് ശുക്ല പറഞ്ഞു.

” ഞങ്ങൾ സന്തോഷത്തിലല്ല, അതൊരു നല്ല സ്കോറല്ല അക്കാര്യത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ അവർ ചില പദ്ധതികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ടീം മാനേജ്‌മെന്റുമായി അവർ ബന്ധപ്പെടുന്നുണ്ട്. അടുത്ത ടെസ്റ്റിൽ അവർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. ” ശുക്ല പറഞ്ഞു.

” ആരും തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നില്ല, ആദ്യ ഇന്നിങ്‌സിലേത് ഞങ്ങളുടെ മികച്ച പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് നേടാനും ടീമിന് സാധിച്ചു. പാളിയത് രണ്ടാം ഇന്നിങ്സിലാണ്. ചില സമയങ്ങളിൽ അത് സംഭവിക്കും. ഞങ്ങളുടെ കളിക്കാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. ” രാജീവ് ശുക്ല കൂട്ടിച്ചേർത്തു.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 36 റൺസിനാണ് ഇന്ത്യ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആണിത്. ഡിസംബർ 26 ന് മെൽബണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.