Skip to content

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച പൃഥ്വി ഷായെ ടീമിൽ നിന്നും ഒഴിവാക്കണമെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു.

” ഇന്ത്യ രണ്ട് മാറ്റങ്ങൾക്ക് മുതിർന്നേക്കും. ഓപ്പണറായി പൃഥി ഷായ്ക്ക് പകരക്കാരനായി കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണം, അഞ്ചാമനായോ ആറാമനായോ ശുഭ്മാൻ ഗില്ലിനും അവസരം നൽകണം. അവനിപ്പോൾ മികച്ച ഫോമിലാണ്. മികച്ച തുടക്കം ലഭിച്ചാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

” മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടതുണ്ട്. പോസിറ്റീവായി വേണം അവർ മത്സരത്തെ സമീപിക്കേണ്ടത്. ഓസ്‌ട്രേലിയയുടെ പോരായ്മ അവരുടെ ബാറ്റിങാണ്. പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കേണ്ടതുണ്ട്. ഇന്ത്യ പോസിറ്റീവായില്ലേൽ പരമ്പര 4-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കും. എന്നാൽ പോസിറ്റീവായി തുടർന്നുള്ള മത്സരങ്ങളെ സമീപിച്ചാൽ തിരിച്ചെത്താൻ അവർക്ക് സാധിക്കും ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ മോശം പ്രകടനമാണ് പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും നേടാതെ പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്സിൽ 4 റൺസ് മാത്രമാണ് നേടിയത്. ഓസ്‌ട്രേലിയയിൽ മികച്ച റെക്കോർഡല്ല കെ എൽ രാഹുലിനുമുള്ളത്.

ഓസ്‌ട്രേലിയയിൽ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും അഞ്ച് മത്സരങ്ങളിൽ നിന്നും 187 റൺസ് നേടാനെ കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളൂ.