Skip to content

ആരാകും കോഹ്ലിക്ക് പകരക്കാരൻ, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് ഗ്ലെൻ മഗ്രാത്ത്

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപെടുത്തിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായ ഇന്ത്യ വൻ നാണക്കേടും ഏറ്റുവാങ്ങിയിരുന്നു.

പരമ്പരയിലെ ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങുന്നത്. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുക.

” ഇന്ത്യയ്ക്ക് മികച്ച തുടക്കം ആവശ്യമായിരുന്നു, വിജയത്തോടെ അവർ പരമ്പര തുടങ്ങേണ്ടിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. ഓസ്‌ട്രേലിയയുടേത് അവിശ്വസനീയമായ ബൗളിങായിരുന്നു. വിരാട് കോഹ്ലി അഭാവം വലിയ വിടവാണ് ഇന്ത്യൻ നിരയിൽ ഉണ്ടാക്കുക, എന്നാൽ ഇത് മറ്റുള്ള താരങ്ങൾക്ക് മുൻപോട്ട് വരാനുള്ള അവസരമാണ് ” മഗ്രാത്ത് പറഞ്ഞു.

” കോഹ്ലിയ്ക്ക് പകരക്കാരനായി കെ എൽ രാഹുലിന് അവസരം നൽകണം. മറ്റൊരു ഓപ്‌ഷൻ ശുഭ്മാൻ ഗില്ലാണ്. ഏകദിന പരമ്പരയിൽ അവൻ വളരെ പോസിറ്റീവായാണ് കളിച്ചത്. അതുകൊണ്ട് വലിയ വേദികളിൽ അവൻ ഭയപ്പെടുമെന്ന് തോന്നുന്നില്ല. പൃഥി ഷാ മത്സരത്തിൽ രണ്ട് തവണയും ഒരേ രീതിയിലാണ് പുറത്തായത്. കമ്മിൻസ്, സ്റ്റാർക്ക്, ഹേസൽവുഡ് എന്നീ ബൗളർമാരെ നേരിടണമെന്നതിനാൽ അതൊരു പ്രശ്നം തന്നെയാണ്. അവർ തീർച്ചയായും അക്കാര്യം മുതലെടുക്കും ” മഗ്രാത്ത് കൂട്ടിച്ചേർത്തു.