Skip to content

ഏറ്റവും നാണംകെട്ട പ്രകടനം, ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് പാർത്ഥിവ് പട്ടേൽ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ എട്ട് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മത്സരത്തിലേത് ഇന്ത്യയുടെ എക്കാലത്തെയും നാണംകെട്ട പ്രകടനമാണെന്നും ഈ പ്രകടനത്തിൽ യാതൊരു ഒഴികഴിവുകൾ നിരത്താൻ സാധിക്കുകയില്ലെന്നും പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ നന്നായി ബാറ്റ് ചെയ്തു. ദുഷ്കരമായ പിച്ചിൽ 250 ലധികം റൺസ് നേടുകയെന്നത് മികച്ച പ്രകടനം തന്നെയാണ്, ആദ്യ ഇന്നിങ്സിൽ ഇന്ത്യ നന്നായി ബൗൾ ചെയ്യുകയും ചെയ്തു. എന്നാൽ 36 റൺസിന് ഓൾ ഔട്ടാകുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല, ഇത് ഇന്ത്യയുടെ ഏറ്റവും നാണംകെട്ട പ്രകടനമാണെന്ന് ഞാൻ പറയും, വിമർശിക്കാൻ ശ്രമിച്ചാലോ വിശകലനം ചെയ്യാൻ ശ്രമിച്ചാലോ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സാധിക്കുകയില്ല ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി ഇവരെല്ലാം തന്നെ വലിയ വേദികളിൽ കളിച്ച് പരിചയമുള്ളവരാണ്, അതുകൊണ്ട് തന്നെ 36 ന് ഓൾ ഔട്ടായതിൽ യാതൊരു വിശദീകരണവും നൽകാൻ നിങ്ങൾക്ക് സാധിക്കില്ല, ഹേസൽവുഡ്, സ്റ്റാർക്ക്, കമ്മിൻസ് ഇവരെയൊക്കെയാണ് നേരിടുന്നതെങ്കിൽ പോലും ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ആരെങ്കിലും ശ്രമിക്കണമായിരുന്നു, എന്നാലത് നടന്നില്ല ” പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് ടോട്ടലാണിത് . ഇതാദ്യമായാണ് ടെസ്റ്റിൽ ഇന്ത്യ 40 റൺസിന് താഴെ പുറത്താകുന്നത്.

ഒരു ബാറ്റ്‌സ്മാന് പോലും ഇന്ത്യൻ നിരയിൽ രണ്ടക്കം കാണുവാൻ സാധിച്ചില്ല. 5 വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡും, 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ തകർത്തത്.