Skip to content

ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കുന്ന കോഹ്ലിക്ക് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ട്ടമാകും. എന്നാൽ അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചരിത്രനേട്ടങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത് അവ ഏതൊക്കെയെന്ന് നോക്കാം.

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം കോഹ്ലിക്ക് സ്വന്തമാക്കാം.

നിലവിൽ 41 സെഞ്ചുറിയോടെ ഈ റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമാണ് വിരാട് കോഹ്ലി.

മത്സരത്തിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന ചരിത്രറെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ 422 മത്സരങ്ങളിൽ നിന്നും 70 സെഞ്ചുറിയോടെ മൂന്നാം സ്ഥാനത്താണ് കിങ് കോഹ്ലി.

560 മത്സരങ്ങളിൽ നിന്നും 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങാണ് 664 മത്സരങ്ങളിൽ നിന്നും 100 സെഞ്ചുറി നേടിയ സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്.

ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയിൽ ഇതുവരെ 6 സെഞ്ചുറി വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ഒരു സെഞ്ചുറി കൂടെ നേടാനായാൽ ഓസ്‌ട്രേലിയക്കെതിരെ ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കാൻ കോഹ്ലിക്ക് സാധിക്കും.