Skip to content

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

ഈ ദശാബ്ദത്തിലെ തന്റെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും അവതാരകനും കൂടിയായ ആകാശ് ചോപ്ര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആകാശ് ചോപ്ര ഈ ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ഇലവൻ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്പിന്നർ രവിചന്ദ്രൻ അശ്വിനും മാത്രമാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയും മുൻ സൗത്താഫ്രിക്കൻ താരം ഹാഷിം അംലയെയുമാണ് ടീമിലെ ഓപ്പണർമാരായി ആകാശ് ചോപ്ര ഉൾപ്പെടുത്തിയത്.

” ഓപ്പണറായി അലസ്റ്റയർ കുക്കിനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഈ ദശാബ്ദത്തിൽ 18 സെഞ്ചുറിയടക്കം 7531 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടാം ഓപ്പണറായി അംലയെയാണ് ഞാൻ ഉൾപ്പെടുത്തുന്നത്. വാർണറിന്റെ പേര് തോന്നിയിരുന്നുവെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അവന്റെ മോശം പ്രകടനം കൊണ്ടാണ് അവനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. ” ആകാശ് ചോപ്ര പറഞ്ഞു.

മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും നിലവിലെ ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാനും കൂടിയായ സ്റ്റീവ് സ്മിത്തിനെയാണ് ആകാശ് ചോപ്ര തിരഞ്ഞെടുത്തത്.

” ഈ ദശാബ്ദത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ജോ റൂട്ടാണ് എന്നാൽ സ്മിത്ത് ഈ ദശാബ്ദത്തിൽ 65 ന് അടുത്ത് ശരാശരിയിൽ 26 സെഞ്ചുറിയടക്കം 7040 റൺസ് നേടി. സ്മിത്താണ് ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ എന്നുപറയുന്നതിൽ തെറ്റില്ല” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

സ്മിത്തിന് ശേഷം നാലാം നമ്പറിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ആകാശ് ചോപ്ര ഉൾപ്പെടുത്തിയത്.

” ,നാലാമനായി ഞാൻ കോഹ്ലിയെ ഉൾപ്പെടുത്തുന്നു. 53 ന് മുകളിൽ ശരാശരിയിൽ 7240 റൺസ് നേടിയ കോഹ്ലി സ്മിത്തിനേക്കാൾ ഒരു സെഞ്ചുറി അധികമായി നേടിയിട്ടുണ്ട്. 27 സെഞ്ചുറി ഈ ദശാബ്ദത്തിൽ കോഹ്ലി നേടി ” ആകാശ് ചോപ്ര പറഞ്ഞു.

കോഹ്ലിക്ക് ശേഷം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ അഞ്ചാം നമ്പർ ബാറ്റ്‌സ്മാനായി ഉൾപ്പെടുത്തിയ ആകാശ് ചോപ്ര വിക്കറ്റ് കീപ്പറായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയെയാണ് തിരഞ്ഞെടുത്തത്.

ഓൾ റൗണ്ടറായി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് ടീമിൽ ഇടംനേടിയപ്പോൾ രവിചന്ദ്രൻ അശ്വിനും രംഗണ ഹെരാത്തുമാണ് ടീമിലെ സ്പിന്നർമാർ. ജെയിംസ് ആൻഡേഴ്സണും മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്നുമാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.

ആകാശ് ചോപ്രയുടെ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ഇലവൻ ; അലസ്റ്റയർ കുക്ക്, ഹാഷിം അംല, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി, കെയ്ൻ വില്യംസൺ, കുമാർ സംഗക്കാര (wk), ബെൻ സ്റ്റോക്സ്, രവിചന്ദ്രൻ അശ്വിൻ, രങ്കണ ഹെരാത്ത്, ഡെയ്ൽ സ്റ്റെയ്ൻ, ജെയിംസ് ആൻഡേഴ്സൺ