Skip to content

ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികവ് ഐ പി എല്ലിൽ പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല. ഐ പി എല്ലിലെ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്.

ഐ പി എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി 14 മത്സരങ്ങളിലും കളിച്ച മാക്‌സ്‌വെല്ലിന് ഒരു സിക്സ് പോലും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളിലെ 6 മത്സരങ്ങളിൽ 16 സിക്സ് മാക്‌സ്‌വെൽ നേടിയിരുന്നു.

” ഈ ഐ പി എൽ സീസണിൽ അവൻ തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അവനെ ഓപ്പൺ ചെയ്യാൻ അനുവദിക്കുന്നു, മൂന്നാം നമ്പറിലും നാലാം നമ്പറിലും അവനെ പരീക്ഷിക്കുന്നു. എല്ലാ പൊസിഷനിലും അവന് അവസരം ലഭിക്കുന്നു. ഐ പി എല്ലിൽ ഒരു മത്സരത്തിൽ നാല് വിദേശ താരങ്ങൾക്ക് മാത്രമാണ് കളിക്കാൻ സാധിക്കുക. അതുകൊണ്ട് തന്നെ വിദേശ താരങ്ങൾ തമ്മിലുള്ള പോരാട്ടം അവിടെ കൂടുതലാണ്. ” കൈഫ് പറഞ്ഞു.

” എന്നാൽ ഐ പി എല്ലിൽ നിന്നും ഓസ്‌ട്രേലിയയിലെത്തുമ്പോൾ അവിടെ കാര്യങ്ങൾ പാടെ വ്യത്യസ്തമാണ്. റിവേഴ്‌സ് സ്വീപോ, സ്വിച്ച് ഹിറ്റോ ഏത് തരത്തിലുള്ള ഷോട്ടും അവന് കളിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പ്രശ്നം കളിക്കാരുടെ കഴിവിലല്ല, മറിച്ച് അത് ഐ പി എല്ലിലെ അവരുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ്. ” കൈഫ് കൂട്ടിച്ചേർത്തു.