Skip to content

ഇന്ത്യ പ്രോട്ടോക്കോൾ ലംഘിച്ചു, കൺകഷൻ സബ് വിവാദത്തിൽ ഇന്ത്യയ്‌ക്കെതിരെ സഞ്ജയ് മഞ്ചരേക്കർ

കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ചരേക്കർ. മത്സരത്തിൽ ഇന്ത്യ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും അക്കാര്യത്തിൽ മാച്ച് റഫറി ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ഉറപ്പാണെന്നും സോണി സിക്സിൽ കമന്ററിയ്ക്കിടെ സഞ്ജയ്‌ മഞ്ചരേക്കർ പറഞ്ഞു.

” ഇക്കാര്യത്തിൽ ഒരു പ്രധാനപ്പെട്ട പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടുണ്ട്. അത് മാച്ച് റഫറി ഇന്ത്യയോട് വിശദീകരണം തേടുമെന്ന് എനിക്കുറപ്പുണ്ട്. ബാറ്റ്‌സ്മാന്റെ തലയിൽ പന്ത് കൊണ്ടാൽ പ്രോട്ടോക്കോൾ പ്രകാരം ടീം ഫിസിയോ ഉടനെ ബാറ്റ്‌സ്മാനരികിലെത്തണം. ഫിസിയോ തീർച്ചയായും ഗ്രൗണ്ടിൽ എത്തേണ്ടതുണ്ട്. കൂടാതെ ജഡേജയോട് പരിക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ജഡേജയോട് ചില ചോദ്യങ്ങൾ ചോദിക്കുകയും വേണം. എന്നാൽ ഈ സംഭവത്തിൽ ജഡേജയുടെ തലയിൽ പന്ത് കൊണ്ട ശേഷം ഫിസിയോ ഗ്രൗണ്ടിൽ എത്തിയിരുന്നില്ല. പരിക്കിന് ശേഷവും അവൻ ബാറ്റിങ് തുടരുകയും ചെയ്തു. ” മഞ്ചരേക്കർ പറഞ്ഞു.

മാച്ച് റഫറി ഡേവിഡ് ബൂണിന് ഇന്ത്യയ്ക്ക് കൺകഷൻ സബ്‌സ്റ്റിറ്റൂഷൻ അനുവദിക്കാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും എന്നാൽ പരിക്കിന്റെ സമയത്ത് യാതൊരു ജാഗ്രതയും ഇന്ത്യൻ ടീം കാണിച്ചില്ലയെന്നും മഞ്ചരേക്കർ കൂട്ടിച്ചേർത്തു.

പരിക്കിനെ തുടർന്ന് ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ രവീന്ദ്ര ജഡേജ കളിക്കില്ല. ഷാർദുൽ താക്കൂറിനെ ജഡേജയ്ക്ക് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജഡേജയ്ക്ക് പകരക്കാരനായി ചഹാലിനെ കളിക്കുവാൻ അനുവദിച്ചതിൽ ഇടവേളയിൽ തന്നെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാൽ ചഹാലിനെ മത്സരത്തിൽ കളിപ്പിക്കാൻ യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങിന് ശേഷം ജഡേജയ്ക്ക് തലകറക്കം അനുഭവപെട്ടിരുന്നുവെന്നും വ്യക്തമാക്കി.

മെഡിക്കൽ വിദഗ്ദ്ധന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനില്ലെന്നാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇക്കാര്യത്തിൽ പ്രതികരിച്ചത്.