Skip to content

കൺകഷൻ നിയമം ഇന്ത്യ ചൂഷണം ചെയ്തുവോ !! വിവാദങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ കൺകഷൻ സബ്സ്റ്റിറ്റൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.

മത്സരത്തിൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ സബ്സ്റ്റിറ്റൂട്ടായി സ്പിന്നർ യുസ്‌വേന്ദ്ര ചഹാലെത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇടവേളയ്ക്കിടെ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ ഇക്കാര്യവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. മത്സരശേഷവും നിരവധി പേർ വിവാദത്തിൽ ഇന്ത്യയെ എതിർത്തും അനുകൂലിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു.

” ചഹാലിനെ മത്സരത്തിൽ ഉൾപ്പെടുത്താൻ യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ല. മത്സരത്തിനിടെ ജഡേജയുടെ തലയിൽ പന്തുകൊണ്ടിരുന്നു അതിനുശേഷവും ഇപ്പോഴും അവന് തലകറക്കം അനുഭവപെടുന്നുണ്ട്. ” കോഹ്ലി പറഞ്ഞു.

” കൺകഷൻ സബ്സ്റ്റിറ്റൂഷൻ വിചിത്രമാണ്, ഇത്തവണ അത് ഞങ്ങൾക്ക് സഹായകമായി എന്നാൽ അടുത്ത തവണ മറിച്ചായേക്കാം. ചഹാൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. ഈ പിച്ച് അവന് അനുകൂലമായിരുന്നു. അവർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലും ജഡേജ മനോഹരമായാണ് ബാറ്റ് ചെയ്‌തത്‌. നടരാജൻ ഒരുപാട് മെച്ചപ്പെടാൻ സാധിക്കുമെന്ന് തെളിയിക്കുന്നു. ചഹാറും നന്നായി പന്തെറിഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ ക്യാച്ച് മത്സരം ഞങ്ങൾക്ക് അനുകൂലമാക്കുകയും ചെയ്തു.” കോഹ്ലി കൂട്ടിച്ചേർത്തു.

ജഡേജയ്ക്ക് പകരക്കാരനായി ചഹാലിനെ കളിക്കാൻ അനുവദിച്ച തീരുമാനത്തെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്സ് ചോദ്യം ചെയ്തിരുന്നു.

ഓൾറൗണ്ടറായ ജഡേജയ്ക്ക് പകരം ബൗളറായ ചഹാലിന് എങ്ങനെ പകരക്കാരനായി എത്താൻ സാധിക്കുമെന്നും ജഡേജ ബാറ്റിങ് പൂർത്തിയാക്കിയതും ഹെൻറിക്‌സ് ചൂണ്ടിക്കാട്ടി.