Skip to content

തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണി, തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. എം എസ് ധോണിയ്ക്കൊപ്പം ഒരുപാട് മത്സരങ്ങളിൽ ഒപ്പം ബാറ്റ് ചെയ്‌തത്‌ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്നെ പ്രാപ്തനാക്കിയെന്നും ധോണിയുടെ അതേ ശൈലിയാണ് താനും പാണ്ഡ്യയും മത്സരത്തിൽ കളിച്ചതെന്നും രവീന്ദ്ര ജഡേജ പറഞ്ഞു.

” തീർച്ചയായും മഹി ഭായ് ഒരുപാട് കാലം ഇന്ത്യയ്ക്ക് വേണ്ടിയും ചെന്നൈയ്ക്ക് വേണ്ടിയും കളിച്ചു. കൂടെയുള്ളത് ഏതൊരു ബാറ്റ്‌സ്മാനായാലും അവനോടൊപ്പം ചേർന്ന് അദ്ദേഹം കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിക്കും. പിന്നീട് അവസാന ഓവറുകളിലാണ് അദ്ദേഹം വലിയ ഷോട്ടുകൾക്ക് ശ്രമിക്കുക. ” ജഡേജ പറഞ്ഞു.

” അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ ഒരുപാട് കാണാൻ സാധിച്ചതും അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിച്ചതും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മത്സരം അവസാന ഓവറുകളിലേക്ക് കൊണ്ടുപോയാൽ അവസാന നാലോ അഞ്ചോ ഓവറുകളിൽ ഒരുപാട് റൺസ് നേടാൻ സാധിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഈ മത്സരം അത്തരം സാഹചര്യമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ശൈലി തന്നെയാണ് ഞങ്ങൾ പിന്തുടർന്നത്. ഒരു സൈഡ് ഷോർട്ട് ബൗണ്ടറി ആയതിനാൽ അവസാന അഞ്ച് ഓവറുകളിൽ വലിയ ഷോട്ടുകൾക്ക് മുതിർന്നാൽ മതിയെന്ന് ഞാനും ഹാർദിക് പാണ്ഡ്യയും തീരുമാനിച്ചു ” ജഡേജ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ജഡേജ 50 പന്തിൽ 66 റൺസ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ 76 പന്തിൽ 92 റൺസ് നേടി. 150 റൺസ് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു.