Skip to content

രോഹിത് ശർമ്മ പ്രധാനപ്പെട്ട താരം, കോഹ്ലിയുടെ പ്രതികരണം നിരാശജനകം ; ഗൗതം ഗംഭീർ

രോഹിത് ശർമ്മയുടെ പരിക്കിനെ കുറിച്ച് വ്യക്തമായ അറിവില്ലെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രതികരണം നിരാശജനകമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

” ഇത് വളരെ നിരാശജനകമാണ്. കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഒന്നാലോചിച്ചു നോക്കൂ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് രോഹിത് ശർമ്മയുടെ പരിക്കിനെ കുറിച്ച് അറിവില്ലെന്നാണ് അവൻ പറഞ്ഞത്. ” ഗംഭീർ പറഞ്ഞു.

” ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പേർ ഹെഡ് ഫിസിയോയും ഹെഡ് കോച്ചും ചീഫ് സെലക്ടറുമാണ്. ഇവർ മൂന്ന് പേർക്കും ഇക്കാര്യത്തിൽ ഒരുപോലെ ഉത്തരവാദിത്വമുണ്ട്. രോഹിത് ശർമ്മയെ കുറിച്ചുള്ള അപ്പപ്പോളുള്ള വിവരങ്ങൾ ഹെഡ് കോച്ച് കോഹ്ലിയെ അറിയിക്കണമായിരുന്നു. പത്രസമ്മേളനത്തിൽ രോഹിത് ശർമ്മയെ കുറിച്ചോ, അവന്റെ പരിക്കിനെ കുറിച്ചോ യാതൊരു അറിവുമില്ലാതെ ക്യാപ്റ്റൻ പോയത് വളരെ നിരാശജനകമാണ് .” ഗംഭീർ കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മ ടീമിലെ പ്രധാനപ്പെട്ട താരമാണെന്നും ശരിയായ ആശയവിനിമയം ഉണ്ടായിരുന്നുവെങ്കിൽ രോഹിത് ശർമ്മയുടെ പരിക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ഗംഭീർ അഭിപ്രായപെട്ടു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിച്ചിട്ടില്ല. ഡിസംബർ 11 നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചാൽ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ രോഹിത് ശർമ്മയ്ക്ക് കളിക്കാനാകും.