Skip to content

വിരാട് കോഹ്ലിയ്ക്ക് ഒട്ടും പിന്നിലല്ല സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഏകദിനത്തിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് ഒട്ടും പിന്നിലല്ല ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ അവിശ്വസനീയ പ്രകടനമാണ് സ്മിത്ത് കാഴ്‌ച്ചവെയ്ക്കുന്നതെന്നും 18 ഓവറുകൾക്കകം സെഞ്ചുറി നേടുകയെന്നത് തമാശയല്ലെന്നും ഗൗതം ഗംഭീർ പറഞ്ഞു.

” 18 ഓവറുകൾക്കുള്ളിലാണ് അവൻ സെഞ്ചുറി നേടിയത്. 20 ആം ഓവറിൽ ക്രീസിലെത്തി 38 ആം ഓവറിൽ അവൻ സെഞ്ചുറി തികച്ചു. 18 ഓവറുകൾക്കുള്ളിൽ സെഞ്ചുറി നേടുക, അതും ബാറ്റിങ് ദുഷ്കരമായ ഘട്ടത്തിൽ രണ്ട് സ്പിന്നർമാരെ നേരിട്ടുകൊണ്ട്, തീർച്ചയായും ഇത് ലോകോത്തര പ്രകടനമാണ് ” ഗംഭീർ പറഞ്ഞു.

” നമ്മൾ വിരാട് കോഹ്ലിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. വിരാട് കോഹ്ലിയാണോ ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻ ? സ്മിത്ത് ഒട്ടും പുറകിലല്ല, 18 ഓവറുകൾക്കുള്ളിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുകയെന്നത് തമാശയല്ല, തീർച്ചയായും കണക്കുകളിൽ കോഹ്ലി ഒരുപാട് മുൻപിലാണ്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ സ്മിത്തിന്റെ പ്രകടനം നോക്കൂ ” ഗംഭീർ പറഞ്ഞു.

” ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുകയെന്നത് അവിശ്വസനീയമായി കണക്കാക്കാറുണ്ട്. എന്നാൽ അവൻ എന്താണ് ചെയ്തതെന്ന് 18 ഓവറുകൾക്കുള്ളിൽ തന്നെ അവൻ സെഞ്ചുറി പൂർത്തിയാക്കി. സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ വഴി കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ ദുഷ്‌കരമാകും. ഇത് തുടക്കം മാത്രമാണ് ഈ ഫോമിൽ ടെസ്റ്റ് ഫോർമാറ്റിലേക്ക് അവൻ കടക്കുകയാണെങ്കിൽ ഇന്ത്യ ഏറെ പ്രയാസപെടേണ്ടി വരും ” ഗംഭീർ കൂട്ടിച്ചേർത്തു.

ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും 62 പന്തിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് സെഞ്ചുറി പൂർത്തിയാക്കിയത്. രണ്ട് മത്സരത്തിലും മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതും സ്റ്റീവ് സ്മിത്താണ്.