Skip to content

സാക്ഷാൽ വിവിയൻ റിച്ചാർഡ്സിനെയും കുമാർ സംഗക്കാരയെയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ 62 പന്തിൽ നിന്നും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് രണ്ടാം മത്സരത്തിലും 62 പന്തിൽ സെഞ്ചുറി നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ സ്റ്റീവ് സ്മിത്ത് നേടുന്ന പന്ത്രണ്ടാമത്തെ സെഞ്ചുറിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം ഇതോടെ സ്റ്റീവ് സ്മിത്ത് സ്വന്തമാക്കി.

ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ 5 സെഞ്ചുറി നേടിയിട്ടുള്ള സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ 7 സെഞ്ചുറിയും ഇന്ത്യയ്ക്കെതിരെ നേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെ 11 സെഞ്ചുറി നേടിയിട്ടുള്ള മുൻ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ കുമാർ സംഗക്കാരയെയും വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനെയുമാണ് സിഡ്‌നിയിൽ നേടിയ സെഞ്ചുറിയോടെ സ്റ്റീവ് സ്മിത്ത് പിന്നിലാക്കിയത്.

14 സെഞ്ചുറി ഇന്ത്യയ്ക്കെതിരെ നേടിയിട്ടുള്ള മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ റിക്കി പോണ്ടിങ് മാത്രമാണ് ഈ റെക്കോർഡിൽ ഇനി സ്മിത്തിന് മുൻപിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്‌സ്മാന്മാർ

  1. റിക്കി പോണ്ടിങ് – 14
  2. സ്റ്റീവ് സ്മിത്ത് – 12
  3. വിവിയൻ റിച്ചാർഡ്‌സ് – 11
  4. കുമാർ സംഗക്കാര – 11

സിഡ്‌നിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടാനെ സാധിച്ചുള്ളൂ.