CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഹാർദിക് പാണ്ഡ്യ പന്തെറിഞ്ഞത് ഓസ്‌ട്രേലിയക്ക് സഹായകരമായി, വിരാട് കോഹ്ലി

ഏകപക്ഷീയമായ വിജയമാണ് രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ നേടിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളിങിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിച്ചില്ലയെന്നും 40 ആം ഓവർ വരെ തനിക്ക് ക്രീസിൽ നിൽക്കാൻ സാധിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാൻ തങ്ങൾക്ക് സാധിക്കുമായിരുന്നുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.

” ശക്തമായ ബാറ്റിങ് നിരയാണ് അവരുടേത്, സാഹചര്യങ്ങൾ കൂടുതലായി അവർക്കറിയാം. അവരുയർത്തിയ വിജയലക്ഷ്യം വളരെ വലുതായിരുന്നു. 340 റൺസ് നേടിയെങ്കിൽ പോലും 51 റൺസിന് ഞങ്ങൾ പരാജയപെട്ടു. മികച്ച രീതിയിൽ അവർ പന്തെറിഞ്ഞു, ഒപ്പം അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും അവസരങ്ങൾ മുതലാക്കുകയും ചെയ്തു. ഈ പിച്ചിൽ എങ്ങനെ പന്തെറിയണമെന്ന് ഹാർദിക് പാണ്ഡ്യയിലൂടെ അവർ മനസ്സിലാക്കിയെന്ന് എനിക്ക് തോന്നുന്നു. ഒന്നോ രണ്ടോ ഓവർ എറിയാൻ മാത്രമാണ് ഞാൻ അവനോട് ആവശ്യപെട്ടത്. എന്നാൽ മികച്ച തുടക്കം ലഭിച്ചതിനാൽ കൂടുതൽ ഓവറുകൾ അവനെറിഞ്ഞു. അവസാന 10 ഓവറുകളിൽ 100 റൺസ് വേണമെങ്കിൽ പോലും അത് നേടാമെന്നാണ് ഞാനും രാഹുലും കരുതിയത്. എനിക്കും കെ എൽ രാഹുലിനും 40 ആം ഓവർ വരെ ക്രീസിൽ തുടരാൻ സാധിച്ചിരുന്നെങ്കിൽ അവരെ സമ്മർദ്ദത്തിലാക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു ” കോഹ്ലി പറഞ്ഞു.

മത്സരത്തിൽ 51 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയ പ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 390 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടാനെ സാധിച്ചുള്ളൂ. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

64 പന്തിൽ 104 റൺസ് നേടിയ സ്റ്റീവ് സ്മിത്താണ് ഈ മത്സരത്തിലും ഓസ്‌ട്രേലിയയുടെ വിജയശില്പി. 77 പന്തിൽ 83 റൺസ് നേടിയ ഡേവിഡ് വാർണറും 69 പന്തിൽ 60 റൺസ് നേടിയ ക്യാപ്റ്റൻ ആരോൻ ഫിഞ്ചും 61 പന്തിൽ 70 റൺസ് നേടിയ മാർനസ് ലാബുഷെയ്‌നും 29 പന്തിൽ 63 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങി.

മറുപടി ബാറ്റിങിൽ 87 പന്തിൽ 89 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും, 66 പന്തിൽ 76 റൺസ് നേടിയ കെ എൽ രാഹുലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.