Skip to content

കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം, ആരോൺ ഫിഞ്ച്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സിഡ്‌നിയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന് മുൻപായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ നായകനെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്.

” അവന്റെ റെക്കോർഡുകൾ നോക്കിയാൽ അവൻ മറ്റൊരാൾക്കും താഴെയല്ല, അത് അസാധാരണമാണ്. അതുകൊണ്ട് തന്നെ അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾ എപ്പോഴും മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്ലേയറാണവൻ. അതുകൊണ്ട് അവനെ പുറത്താക്കുള്ള പദ്ധതികളിൽ ഞങ്ങൾ ഉറച്ചുനിൽക്കേണ്ടതുണ്ട്. അക്കാര്യത്തിൽ തീർച്ചയായും കൂടുതൽ ശ്രദ്ധയും ആവശ്യമാണ്. ” ഫിഞ്ച് പറഞ്ഞു.

നവംബർ 27 നും 29 നും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നടക്കുന്നത്. കാൻബറ മനുക ഓവലിലാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഡിസംബർ 4 ന് തുടങ്ങി എട്ടിന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 17 അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഏകദിന പരമ്പരയിൽ ചരിത്രനേട്ടമാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്. ഇതുവരെ ഏകദിനത്തിൽ 248 മത്സരങ്ങളിൽ നിന്നും 11,867 റൺസ് നേടിയ കോഹ്ലി 133 റൺസ് കൂടെ നേടിയാൽ ഏകദിനത്തിൽ 12,000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കാം. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഏകദിന ക്രിക്കറ്റിൽ 12,000 ത്തിലധികം റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ നേടിയിട്ടുള്ള കോഹ്ലി 2 സെഞ്ചുറി കൂടെ നേടിയാൽ 71 സെഞ്ചുറി നേടിയ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങിനെ പിന്നിലാക്കി സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്‌സ്മാനെന്ന റെക്കോർഡും സ്വന്തമാക്കാം.