Skip to content

ഐസിസിയ്ക്കെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് സിസ്റ്റത്തിൽ മാറ്റം വരുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐസിസി യുടെ തീരുമാനം തനിക്ക് മനസിലാകുന്നില്ലയെന്നും പുതിയ പോയിന്റ് സിസ്റ്റം ആശയകുഴപ്പങ്ങൾക്ക് ഇടയാക്കുന്നുവെന്നും വിരാട് കോഹ്ലി പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നേടിയ പോയിന്റുകൾക്ക് പകരം നേടിയ പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ടീമുകളെ റാങ്ക് ചെയ്യാൻ ഐസിസി തീരുമാനച്ചത്. കോവിഡ് പ്രതിസന്ധി മൂലം ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ചില ടെസ്റ്റ് പരമ്പരകൾ ഉപേക്ഷിക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ അധ്യക്ഷനായ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഐസിസി പോയിന്റ് സിസ്റ്റത്തിൽ മാറ്റം വരുത്തിയത്. ഇതിനെ തുടർന്ന് അതുവരെ 360 പോയിന്റ് നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ പിന്നിലാക്കി 296 പോയിന്റുണ്ടായിരുന്ന ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്.

” ഇത് തീർച്ചയായും ഞെട്ടിപ്പിക്കുന്ന തീരുമാനമാണ്. കാരണം നേടിയ പോയിന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രണ്ട് ടീമുകൾ യോഗ്യത നേടുകയെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പൊടുന്നനെ അതിപ്പോൾ ശതമാനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കുന്നു. ഇത് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നു ഇക്കാര്യം ഉൾക്കൊള്ളുവാനും പ്രയാസമുണ്ട്. ” കോഹ്ലി പറഞ്ഞു.

” ഇക്കാര്യങ്ങൾ മുൻപ് തന്നെ ഞങ്ങളോട് സൂചിപ്പിച്ചിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങൾക്ക് വഴിവെക്കില്ലായിരുന്നു. എന്നാൽ ഈ തീരുമാനമെടുത്തത് പൊടുന്നനെയാണ്. എനിക്ക് തോന്നുന്നു ഇക്കാര്യത്തിൽ ഐസിസി കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് ” കോഹ്ലി കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയ്ക്കും ടി20 പരമ്പരയ്ക്കും ശേഷം ഡിസംബർ 17 നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പുതിയ പോയിന്റ് സിസ്റ്റം നിലവിൽ വന്നതിനാൽ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടാൻ ഈ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്.