Skip to content

എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാൻ ആർക്കും സാധിക്കുകയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുൽ.

” ആർക്കും തന്നെ എം എസ് ധോണിയുടെ വിടവ് നികത്താൻ സാധിക്കില്ല. ഒരു വിക്കറ്റ് കീപ്പർ എങ്ങനെയാണ് തന്റെ റോൾ ചെയ്യേണ്ടതെന്ന് കൃത്യമായി അദ്ദേഹം നമുക്ക് കാണിച്ചു. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിച്ചു. വ്യത്യസ്ത വിക്കറ്റുകൾ ലെങ്തിൽ എന്തെല്ലാം മാറ്റം വരുത്തണമെന്ന് ഞാൻ സ്പിന്നർമാരോട് ആവശ്യപെടും. ഇത് വിക്കറ്റ് കീപ്പർമാരുടെ ജോലിയാണ്. ഇക്കാര്യം ഞാൻ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ചെയ്തിരുന്നു. ഈ പരമ്പരകളിൽ അത് തുടരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.

ഐ പി എല്ലിൽ 14 മത്സരങ്ങളിൽ നിന്നും 670 റൺസ് നേടി ഓറഞ്ച് ക്യാപ് കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. ഈ ഫോമിന്റെ ആത്മവിശ്വാസത്തോടെയാണ് രാഹുൽ ഓസ്‌ട്രേലിയക്കെതിരെ കളിക്കാനിറങ്ങുന്നത്.

വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും താൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ഒരു അധിക ബൗളറെയോ ബാറ്റ്‌സ്മാനെയോ ഉൾപ്പെടുത്താൻ ടീമിന് സാധിക്കുമെന്നും വരുന്ന മൂന്ന് ലോകകപ്പിലും ഇന്ത്യൻ വിക്കറ്റ് കീപ്പറാകാൻ സാധിച്ചാൽ അതിൽ സന്തോഷമേയുള്ളൂവെന്നും കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

നവംബർ 27 നാണ് സിഡ്‌നിയിൽ നടക്കുന്ന ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും ടി20 പരമ്പരയ്ക്കും ശേഷം ഡിസംബർ 17 ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.