Skip to content

വിരാട് കോഹ്ലിയേക്കാൾ പുറത്താക്കാൻ ബുദ്ധിമുട്ട് ബാബർ അസമിനെ, മൊഹമ്മദ് ആമിർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ പന്തെറിയുന്നതിനെക്കാൾ ബുദ്ധിമുട്ട് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ പന്തെറിയാനാണെന്ന് പാക് ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവർക്കുമെതിരെ ബൗൾ ചെയ്ത അനുഭവം ആമിർ പങ്കുവെച്ചത്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിലടക്കം ഏകദിന ക്രിക്കറ്റിൽ 2 തവണ കോഹ്ലിയെ പുറത്താക്കാൻ മൊഹമ്മദ് ആമിറിന് സാധിച്ചിട്ടുണ്ട്. 41 പന്തുകളിൽ നിന്നും 40 റൺസ് നേടിയ കോഹ്ലി ടി20 യിൽ ആമിറിനെതിരെ 19 പന്തിൽ 16 റൺസ് നേടാനെ സാധിച്ചിട്ടുള്ളു.

” കോഹ്ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്താൽ എനിക്ക് ബാബർ അസമിനെതിരെ പന്തെറിയുമ്പോഴാണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത് കാരണം അവന്റെ സ്റ്റാൻസ് തന്നെ, ഞാൻ ബോൾ അൽപം വൈഡായി എറിഞ്ഞാൻ അവൻ ഓഫ് സൈഡിലേക്ക് ഡ്രൈവ് ചെയ്യും, സ്റ്റമ്പ് ടൂ സ്റ്റമ്പ് എറിയുകയാണെങ്കിൽ അവൻ ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്യുകയും ചെയ്യും. ” ആമിർ പറഞ്ഞു.

ഐസിസി ബാറ്റിങ് റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിലുള്ള ഒരേയൊരു ബാറ്റ്‌സ്മാനാണ് ബാബർ അസം. ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്തുമുള്ള ബാബർ അസം ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്താണ്. മറുഭാഗത്ത് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തും ടി20 റാങ്കിങിൽ ഒമ്പതാം സ്ഥാനത്താണ്.

ആരാധകർ ഇരുവരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോഴും കോഹ്ലിയുമായുള്ള താരതമ്യങ്ങൾക്കെതിരെ ബാബർ അസം രംഗത്തെത്തിയിരുന്നു. കോഹ്ലിയേക്കാൾ ബഹുദൂരം താൻ പിന്നിലാണെന്നും താരതമ്യങ്ങൾക്ക് നിലവിൽ സ്ഥാനമില്ലെന്നും ബാബർ അസം തുറന്നുപറഞ്ഞിരുന്നു.