Skip to content

മായങ്ക് അഗർവാളല്ല ധവാനൊപ്പം ഓപ്പൺ ചെയ്യേണ്ട ബാറ്റ്‌സ്മാനാരെന്ന് വ്യക്തമാക്കി ആകാശ് ചോപ്ര

രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കണം ധവാനൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിൽ ആരായിരിക്കും ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരെന്ന ആരാധകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കെ എൽ രാഹുലിനെ ആകാശ് ചോപ്ര പ്രശംസിച്ചത്.

രോഹിത് ശർമ്മ ഇല്ലാത്തതുകൊണ്ട് ആരായിരിക്കും ശിഖാർ ധവാനൊപ്പം ഓപ്പണിങ് ഇറങ്ങുന്നതെന്ന് മാത്രമാണ് അറിയേണ്ടതെന്നും മായങ്ക് അഗർവാളിനും കെ എൽ രാഹുലിനുമൊപ്പം സഞ്ജു സാംസണെയും ഓപ്പണറായി പരിഗണിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ വിക്കറ്റ് കീപ്പറായാണ് കളിക്കുന്നതെങ്കിൽ ഓപ്പണിങ് ഇറങ്ങാൻ സാധ്യതയില്ലെന്നും കെ എൽ രാഹുൽ ഓപ്പണറായി ഇറങ്ങുവാൻ സഞ്ജു സാംസണെ വിക്കറ്റ് കീപ്പറാക്കണമെന്നും സഞ്ജു അഞ്ചാം നമ്പറിൽ ബാറ്റിങിനിറങ്ങണമെന്നും റിഷാബ് പന്ത് ഇല്ലാത്തതുകൊണ്ട് തന്നെ അതൊരു സാധ്യതയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

” കെ എൽ രാഹുൽ ഓപ്പണിങ് ഇറങ്ങണമെന്നാണ് എന്റെ മനസ്സുപറയുന്നത്, കാരണം അവൻ അത്തരത്തിലൊരു താരമാണ്. എന്റെ അഭിപ്രായത്തിൽ ടോപ്പ് ഓർഡറിൽ നന്നായി കളിച്ചാൽ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടാൻ അവന് സാധിയ്ക്കും. അവന്റെ കഴിവുകളോട് നീതിപുലർത്തണമെങ്കിൽ അവനെ ഓപ്പണറായി തന്നെയിറക്കണം. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

എന്നാൽ അത്തരത്തിലൊരു തീരുമാനം ഇന്ത്യ എടുത്തേക്കില്ലയെന്നും കെ എൽ രാഹുലിനെ മധ്യനിരയിലിറക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചുകഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ മായങ്ക് അഗർവാളായിരിക്കും ധവാനൊപ്പം ഓപ്പണറായി ഇറങ്ങുകയെന്നും കെ എൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പറെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

നവംബർ 27 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഡിസംബർ നാലിനാണ് ടി20 പരമ്പര ആരംഭിക്കുക ശേഷം ഡിസംബർ 17 അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.