Skip to content

രോഹിത് ശർമ്മ കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ ; പാർഥിവ് പട്ടേൽ

രോഹിത് ശർമ്മ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം പാർഥിവ് പട്ടേൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ കോഹ്ലിയേക്കാൾ ഇന്ത്യയെ നായിക്കാൻ യോഗ്യൻ രോഹിത് ശർമ്മയാണെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ മികച്ച തീരുമാനങ്ങളെടുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പ്രോഗ്രാമിൽ പാർത്ഥിവ് പട്ടേൽ പറഞ്ഞു.

” രോഹിത് ശർമ്മ എപ്പോഴും കളിക്കളത്തിൽ ശാന്തനാണ്, സമ്മർദ്ദഘട്ടങ്ങളിൽ അവൻ ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്നു. എന്റെ അഭിപ്രായത്തിൽ ഒരു ടീം വളർത്തിയെടുക്കുന്നതിൽ അവൻ കോഹ്ലിയേക്കാൾ മുൻപന്തിയിലാണ്. അതി സമ്മർദ്ദഘട്ടങ്ങളിൽ പോലും സ്വന്തമായാണ് രോഹിത് ശർമ്മ തീരുമാനങ്ങളെടുക്കുന്നത്. എന്നാൽ കോഹ്ലിയാകട്ടെ ഇത്തരം സാഹചര്യങ്ങളിൽ ടീമിലെ മറ്റു താരങ്ങളുമായി ചേർന്ന് തീരുമാനങ്ങളെടുക്കുന്നു. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

കോഹ്ലി ഒരിക്കലും മോശം ക്യാപ്റ്റനല്ലെന്നും എന്നാൽ സമ്മർദ്ദ ഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കുന്നതിൽ കോഹ്ലി പിന്നിലാണെന്നും കോഹ്ലിയുടെ ഈ കുറവാണ് ഏകദിന ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നും പാർത്ഥിവ് പട്ടേൽ കൂട്ടിച്ചേർത്തു.

ഐ പി എല്ലിൽ 2015 മുതൽ 2017 വരെ രോഹിത് ശർമ്മയുടെ കീഴിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച പാർത്ഥിവ് പട്ടേൽ തുടർന്നുള്ള മൂന്ന് സീസണുകളിൽ കോഹ്ലിയുടെ കീഴിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് കളിക്കുന്നത്.

ഈ ഐ പി എൽ സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എ ബി ഡിവില്ലിയേഴ്സിനും ഓസ്‌ട്രേലിയൻ യുവതാരം ജോഷ് ഫിലിപ്പിയ്ക്കുമാണ് ഈ സീസണിൽ വിക്കറ്റ് കീപ്പറായി ബാംഗ്ലൂർ പ്ലേയിങ് ഇലവനിൽ അവസരം നൽകിയത്.